പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ


2026| ജനുവരി 14| ബുധൻ |1201।ധനു30| 
1447 | റജബ് 24


 ◾ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി.

◾സംസ്ഥാനത്ത് എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദേശീയ യുവജന ദിന സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. എയിഡ്‌സ്, ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

◾സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച(ഇന്ന്) മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി.ഒരാഴ്ചത്തേക്ക് പണിമുടക്ക് നീട്ടി വയ്‌ക്കുകയാണമെന്ന് കെ ജി എം സി ടി എ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജും ധനകാര്യമന്ത്രി കെ എന്‍ ബോലഗോപാലുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ചര്‍ച്ച തൃപ്തികരമാണെന്ന് കെ ജി എം സി ടി എ അറിയിച്ചു.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് വിസി മോഹന്‍ കുന്നുമ്മല്‍ നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മുന്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ കൈകാര്യം ചെയ്തതിലാണ് വിസി കുറ്റാരോപണ നോട്ടീസ് നല്‍കിയത്. സര്‍വ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനില്‍കുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നല്‍കാന്‍ വിസിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

◾ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആശ്വാസമേകുന്ന നീക്കവുമായി കേന്ദ്രം. പത്ത് മിനിറ്റ് ഡെലിവറി നിർത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഡെലിവറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ എന്നീ സ്ഥാപനങ്ങളിളെ അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച‌ നടത്തുമെന്നാണ് വിവരം.
നേരത്തെയുണ്ടായിരുന്ന പത്ത് മിനിറ്റിനുള്ളിൽ പതിനായിരം ഉത്പന്നങ്ങളുടെ ഡെലിവറി എന്നതിൽ നിന്ന് മുപ്പതിനായിരും ഉത്പന്നങ്ങളുടെ ഡെലിവറിയെന്ന ടാഗ്ലൈൻ കമ്പനികൾ അടുത്തിടെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

◾ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്.


◾തെരുവുനായ വിഷയത്തില്‍ വീണ്ടും സുപ്രീം കോടതി. പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുതെന്ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി ആവര്‍ത്തിച്ചു.
തെരുവ് നായ ആക്രമണത്തില്‍ നായ്ക്കളെ പോറ്റുന്നുണ്ടെന്ന് പറയുന്നവരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
തെരുവുനായ ആക്രമണത്തിലുണ്ടാകുന്ന പരിക്കുകള്‍ക്കും മരണത്തിനും സംസ്ഥാന സര്‍ക്കാരുകളും ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി പറഞ്ഞത്.

◾സംസ്ഥാനത്ത് രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ കെഎസ്ആര്‍ടിസി 11.71 കോടി രൂപയുടെ ടിക്കറ്റ് വരുമാനം സ്വന്തമാക്കി. ഇതിന് മുന്‍പ്, ജനുവരി 5നു 13.01 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു. തുടര്‍ച്ചയായ ഈ ചരിത്ര നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും സ്ഥിരതയാര്‍ന്ന പരിശ്രമങ്ങളുടെയും ഫലമായാണ് ഈ മുന്നേറ്റമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ജീവനക്കാരുടെ സമര്‍പ്പണവും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും കെഎസ്ആര്‍ടിസിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും മന്ത്രി പറഞ്ഞു. 2024 ഡിസംബറില്‍ ശരാശരി 7.8 കോടി രൂപയായിരുന്ന പ്രതിദിന ടിക്കറ്റ് വരുമാനം 2025 ഡിസംബറില്‍ 8.34 കോടി രൂപയായി ഉയര്‍ന്നു. 2025 ജനുവരിയില്‍ 7.53 കോടി ആയിരുന്ന ശരാശരി പ്രതിദിന വരുമാനം 2026 ജനുവരിയില്‍ ഇതുവരെ 8.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2024ല്‍ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാരുണ്ടായിരുന്നിടത്ത്, നിലവില്‍ ഇത് 20.27 ലക്ഷമായി ഉയര്‍ന്നു.

◾64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തൃശൂരിലെ വിവിധ വേദികളും കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കലോല്‍സവം ചരിത്ര വിജയമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. കലോല്‍സവത്തിനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'കലവറ നിറയ്ക്കല്‍' പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. മത്സരാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.വേദികള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുന്നതിനായി പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട സ്റ്റേജ് മാനേജര്‍മാര്‍ക്കുള്ള പരിശീലന പരിപാടി മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. Minister V Sivankutty 

◾*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു മകന്‍ തന്റെ  വയോധികനായ അച്ഛനെ ഒരു വിശേഷ ദിനത്തില്‍ അത്യാഢംബരപൂര്‍ണ്ണമായ ഒരു ഹോട്ടലില്‍ ഭക്ഷണത്തിനായി കൊണ്ടുപോയി. പ്രായം ശരീരത്തിന്റെ ആരോഗ്യം കാര്‍ന്നു തിന്നതിനാല്‍ വളരെ ചെറിയ കാര്യങ്ങള്‍ വരെ അച്ഛന്‍ ചെയ്യുന്നത് വളരെ ആയാസപ്പെട്ടായിരുന്നു. ദുര്‍ബലമായ തന്റെ കൈകളാല്‍  സ്പൂണില്‍ കോരിയെടുത്ത്  ഭക്ഷണം   വായിലേക്ക് അടുപ്പിക്കുമ്പോള്‍ പലപ്പോഴും കൈകള്‍ വിറക്കുകയും, അവ കുറച്ചൊക്കെ തന്റെ മുഖത്തും, ഷര്‍ട്ടിലും, നിലത്തേക്കും വീഴുന്നുമുണ്ടായിരുന്നു. ചുറ്റും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാന്യന്മാരില്‍ ചിലര്‍ ഇതുകണ്ട് വെറുപ്പാര്‍ന്ന മുഖത്തോടെയും, മറ്റു ചിലര്‍ സഹതാപത്തോടെയും മുഖം തിരിച്ചിരുന്നു. ഒരാള്‍ തന്റെ ഭാര്യയോട് 'അയാള്‍ക്ക് വീട്ടിലെങ്ങാനും ഇരുന്ന് ഭക്ഷണം കഴിച്ചാല്‍പോരെ' യെന്ന് പതിയെ പറയുന്നത് കേട്ട പലരും അത് തല കുലുക്കി ശരിവച്ചു.   മകന്‍ ഇതെല്ലാം കണ്ടുവെങ്കിലും   അക്ഷോഭ്യനായി, വളരെ ശാന്തമായി അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.   സഹായം ആവശ്യമായ സമയത്തെല്ലാം മകന്‍ അച്ഛനോട് സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുകയും, ചില സമയത്ത്  വിറയ്ക്കുന്ന ആ കൈ തന്റെ കൈകളാല്‍ താങ്ങി ഭക്ഷണം കഴിക്കാന്‍ സഹായിക്കുകയും ചെയ്തു. ഒരവസരത്തിലും മകന്‍  അസഹ്യതയോ, മുഷിച്ചിലോ, നാണക്കേടോ പ്രകടിപ്പിച്ചില്ല. ഭക്ഷണത്തിനുശേഷം അച്ഛനെ മകന്‍ മുഖം കഴുകിക്കാന്‍ കൈപിടിച്ച് കൊണ്ടുപോയി. അവിടെയെത്തി വളരെ ശ്രദ്ധയോടെ തന്റെ അച്ഛന്റെ മുഖത്ത് പറ്റിയിരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ സാവധാനം തുടച്ചു മാറ്റി. ഷര്‍ട്ടില്‍ പറ്റിയ ഭക്ഷണത്തിന്റെ കറ, നനച്ച ടവല്‍കൊണ്ട് ക്ഷമാപൂര്‍വ്വം തുടച്ചു കൊടുത്തു. എല്ലാം കഴിഞ്ഞ് ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്കുകയും, നരച്ച തലമുടി ഒതുക്കി കൊടുക്കുകയും, ചെരിഞ്ഞ കണ്ണട നേരെയാക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് വളരെ കരുതലോടെയും ക്ഷമയോടും കൂടെ ആയിരുന്നു. എല്ലാം കഴിഞ്ഞ് അവര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍  ആശ്വാസത്തോടെ വൃദ്ധനെ നോക്കി. പുച്ഛം നിറഞ്ഞിരുന്ന മുഖങ്ങളെല്ലാം ശാന്തമായി.  നേരിയ നിശബ്ദത അവിടെ പരന്നു. തന്റെ ബില്‍ കൊടുത്തശേഷം അച്ഛനെ തന്റെ മേല്‍വസ്ത്രം ഇടാന്‍ സഹായിച്ചശേഷം ആ കൈകള്‍ പിടിച്ച് പുറത്തേക്ക് പോകാന്‍ ആരംഭിച്ചു.  വാതിലിനടുത്തെത്താറായപ്പോള്‍ പ്രായമേറിയ ഒരാള്‍ അവരുടെ നേരെ നടന്നടുത്തു. അദ്ദേഹത്തിന്റെ മുഖം തുടുത്തും, കണ്ണുകള്‍ തിളങ്ങിയും കാണപ്പെട്ടു.'ക്ഷമിക്കണം...  താങ്കള്‍ ഇവിടെ എന്താണ്  വെച്ചിട്ടു പോകുന്നത്?'   മകന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു. താനിരുന്ന മേശയിലേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കിയ ശേഷം  വിനയപൂര്‍വം പറഞ്ഞു: 'ഇല്ല...ഒന്നും വെച്ചിട്ടില്ലല്ലോ...  അയാള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ഉണ്ട്... വെച്ചിട്ടു പോയിട്ടുണ്ട്. എല്ലാ മക്കള്‍ക്കുമായി ഒരു ഗുണപാഠവും, എല്ലാ അച്ഛന്മാര്‍ക്കും  ഒരു പ്രതീക്ഷയും  പകര്‍ന്നു വെച്ചിട്ടാണ് താങ്കള്‍ മടങ്ങുന്നത് '  ഇതു കേട്ട സമയം ആ റെസ്റ്റോറന്റിലെ അതിഥികള്‍ ഒരു നിമിഷം സ്തബ്ധരായി പരസ്പരം നോക്കി.   ഒരു നിശബ്ദത അവിടെ വലയം ചെയ്തു. നമ്മുടെ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി നമ്മെ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചവരെ  തിരിച്ചും പരിപാലിക്കുക എന്നതാണ്. നമ്മുടെ മാതാപിതാക്കളും,  മുതിര്‍ന്ന സഹോദരങ്ങളും നമ്മുടെ സുഖത്തിനും നന്മക്കുമായി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അതിനു പകരമായി നമ്മള്‍ അവര്‍ക്ക് പരിധികള്‍ ഇല്ലാത്ത സ്‌നേഹവും നന്ദിയും ബഹുമാനവും നല്‍കാന്‍ കടപ്പെട്ടവരാണ്. അവര്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍  അവരുടെ താങ്ങായി, സംരക്ഷകരായി മാറേണ്ടത് നമ്മുടെ കടമയാണ്. ഈ ചിന്ത അടുത്ത തലമുറയ്ക്ക് പകരാന്‍ സാധിക്കട്ടെ. - ശുഭദിനം