2026| ജനുവരി 13 | ചൊവ്വ |1201।ധനു29|
1447 | റജബ് 23
◾ 2026ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ വലിയ തോതിലുള്ള ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് സൂചന.നിലവിലുള്ള സങ്കീര്‍ണ്ണമായ നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സാധാരണക്കാരായ നികുതിദായകര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. നികുതി നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. നികുതി നോട്ടിസുകള്‍ അയക്കുന്നതിലും അസ്സസ്‌മെന്റ് നടപടികളിലും കൂടുതല്‍ കൃത്യത കൊണ്ടുവരുന്നതിലൂടെ നികുതിദായകരും വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് മേഖലയിലും വ്യക്തിഗത ആദായനികുതിയിലും വലിയ മാറ്റങ്ങളില്ലെങ്കിലും, നികുതി വെട്ടിപ്പ് തടയാനും കൃത്യമായ നികുതി പിരിവ് ഉറപ്പാക്കാനുമുള്ള ആധുനിക സംവിധാനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.ലളിതമായ ഭാഷയും കുറഞ്ഞ നികുതി നിയമങ്ങളും ഉള്‍പ്പെടുത്തി നികുതിദായകരുടെ ഭാരം കുറയ്ക്കുക എന്ന നയമാണ് വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ബജറ്റുകളില്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാല്‍, ഇത്തവണ സ്ലാബുകളില്‍ മാറ്റം വരുത്തുന്നതിന് പകരം നികുതി ഘടനയുടെ ലളിതവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഈ ബജറ്റില്‍ പുതിയ ആദായനികുതി നിയമം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളും ഉണ്ടായേക്കാം.
◾ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി പറഞ്ഞു.
◾മോട്ടോർ വാഹന വകു പ്പിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ‌് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ ആർ ടി ഓഫീസുകളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണു പരീ ക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്.
കംപ്യൂട്ടർ സ്ക്രീനിൽ വരുന്ന ചാദ്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പുറ ത്തുള്ളവർക്ക് അയച്ചുകൊടുക്കും. ഇവർ ഇതിന്റെ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കും. ബ്ലൂ ടുത്ത് ഇയർ ബഡ്‌സ് ചെവിയിൽ ഘടിപ്പിച്ച് ഇതു മറച്ചുകൊണ്ട് ഷാളോ അല്ലെങ്കിൽ പർദ പോലുള്ള വസ്ത്രങ്ങളോ ധരി ച്ചെത്തുന്നവരാണു പുറമേയുള്ള വരുടെ സഹായത്തോടെ ക്രമക്കേട് നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാലും നടപ ടിയെടുക്കാൻ കഴിയാത്ത അവ സ്ഥയും ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. ഒരു പരീക്ഷാകേന്ദ്രത്തിൽ നിന്ന് യുവതിയെ ഇയർ ബഡ്‌സ് സഹിതം കൈയോടെ പിടികൂടിയപ്പോൾ, പരീക്ഷയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്നു പറഞ്ഞ് പരീക്ഷാർഥി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരം അവസ്ഥ ഉണ്ടാകുമെന്നതിനാൽ പലപ്പോഴും ക്രമക്കേടുകളിൽ കണ്ണടയ്‌ക്കേണ്ടി വരുന്നുണ്ട്.
കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവ സങ്ങളിൽ ഇത്തരത്തിൽ അഞ്ചു പേരെ പിടികൂടിയിരുന്നു. ഇതിൽ ഒരാൾ അതിനകം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കടന്നുകളഞ്ഞു. പിടിയിലായവരുടെ പരീക്ഷ റദ്ദ് ചെയ്തു. ശിക്ഷയായി ഇവരെ അഞ്ചു ദിവസത്തെ സാമൂ ഹ്യസേവനത്തിനായി ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അഞ്ചു ദിവസം സാമൂഹ്യസേവനം കൃത്യമായി ചെയ്‌തുവെന്ന ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇവരെ അടുത്ത പരീക്ഷയ്ക്കു പങ്കെടു പ്പിക്കുകയുള്ളൂ.
സാധാരണ ഒരു പരീക്ഷാകേന്ദ്രത്തിലും മൊബൈൽ ഫോണുകൾ അനുവദിക്കാറില്ല. ഓൺലൈൻ ലേണിംഗ് ടെസ്റ്റിന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കയറി, പരീക്ഷയിൽ ചേരണമെങ്കിൽ ഒടിപി നമ്പർ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോൺ നിരോധിക്കാനാകാത്ത അവസ്ഥയാണ്. ക്രമക്കേട് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിനെ ക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചന ആരംഭിച്ചു. ക്രമക്കേടുകൾ നടത്തുന്ന വരെ ദീർ ഘകാലത്തേക്ക് ടെസ്റ്റിൽനിന്നു മാറ്റിനിർത്തുന്നതുൾപ്പടെയുള്ള കർശന നടപടികളും സ്വീകരി ഓാനാണു തീരുമാനം.
◾പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.
ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു.
പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞു.
◾ തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിർത്തി ജില്ലകൾക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഇവ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
◾കേരളത്തോട് കേന്ദ്റ അവഗണന. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഈ നാടിനെ തകര്‍ക്കരുത്, നാടിന് അര്‍ഹതപ്പെട്ടത് നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേരളത്തോട് താല്‍പര്യമുള്ള എല്ലാവരും ഈ അവഗണനയ്‌ക്കെതിരെ ഒന്നിച്ചു ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ നാട് മുന്നോട്ട് പോകാന്‍ പാടില്ലെന്ന ഹീനബുദ്ധി മനസില്‍ വെച്ചുക്കൊണ്ടുള്ള സമീപനമാണ് ഇവര്‍ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടക്കുന്നത്.
◾*ചരിത്രം പഠിക്കണമെങ്കില്‍ കോളജില്‍ പോകണം'; വിമര്‍ശിക്കുന്നവരെ 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് പ്രിയങ്ക് ഖാര്‍ഗെ*
ഗുല്‍ബര്‍ഗ: പുരാതന ചരിത്രം പറഞ്ഞ് വികസനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.ഗുജറാത്തിലെ സോമനാഥ് സ്വാഭിമാന പര്‍വ് പരിപാടിയില്‍ സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രം ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. സര്‍ക്കാരിന്റെ 11 വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'പ്രധാനമന്ത്രിയില്‍ നിന്ന് നമുക്ക് എന്താണ് വേണ്ടത്? ചരിത്ര പാഠങ്ങള്‍? രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ബ്ലൂപ്രിന്റ് എവിടെയാണ്? 11 വര്‍ഷമായി, മുദ്രാവാക്യങ്ങള്‍ മാത്രമല്ലാതെ ഫലങ്ങളൊന്നുമില്ല. 'മേക്ക് ഇന്‍ ഇന്ത്യ', 'സ്‌കില്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' എന്നിവയെല്ലാം പരാജയപ്പെട്ടു,' അദ്ദേഹം പറഞ്ഞു. 'ആളുകള്‍ക്ക് ചരിത്രം പഠിക്കണമെങ്കില്‍ അവര്‍ കോളജില്‍ പോകണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവരെയും 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുന്ന പ്രവണത ശരിയല്ല,' അദ്ദേഹം പറഞ്ഞു.അതേസമയം, നികുതി വിതരണ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും പ്രിയങ്ക് ഖാര്‍ഗെ തന്റെ രോഷം പ്രകടിപ്പിച്ചു. അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി, കര്‍ണാടകയെ ഭരണത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി, ഐടി നികുതി പിരിവില്‍ കര്‍ണാടക ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിഹിതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം ലഭിക്കാതെ തന്നെ സംസ്ഥാനം തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു.
ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നും മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ മജിസ്‌ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30നാണ് രാഹുലിനെ എആർ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
◾ മലപ്പുറം പള്ളി വിഷയത്തില്‍ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികളുണ്ടെങ്കില്‍ പുതിയ പള്ളിക്കുള്ള അനുമതി നിഷേധിക്കാനാവുമോ എന്ന് കേരള ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു.
ഹൈക്കോടതി നടപടിക്കെതിരേ നൂറുല്‍ ഇസ്ലാം സാംസ്കാരിക സംഘം നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം._
നൂറ് പള്ളികളുണ്ടെന്നു കരുതി എങ്ങനെയാണ് ഹൈക്കോടതിക്ക് അനുമതി നിഷേധിക്കാനാവുന്നതെന്ന് കോടതി ചോദിച്ചു. നിലവിലെ കേസിലെ എതിർ കക്ഷികള്‍ക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. ഈ വിഷയത്തില്‍ രമ്യമായ പരിഹാരമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ ഇസ്ലാമിക് സാസ്ക്കാരിക സമിതി നല്‍കിയ അപേക്ഷ ജില്ലാ കലക്റ്റർ തള്ളിയതോടെയാണ് സംഘം ഹൈക്കോടതിയെ സമീപിച്ചത്.കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ച കലക്റ്ററുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്കുകയായിരുന്നു. ഇതിനെതിരേയാണ് സംഘം സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ