കോഴിക്കോട് ബൈപ്പാസില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍ പിരിവ്; 3000 രൂപയുടെ ഫാസ്ടാഗിന് 200 യാത്ര



കോഴിക്കോട് ബൈപ്പാസില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ആറുവരിപ്പാതയിലാണ് ടോള്‍ ഏർപ്പെടുത്തുന്നത്.

പിരിവിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു.

യാത്രക്കാർക്കായി വിവിധ ഇളവുകള്‍ അതോറിറ്റി പ്രഖ്യാപിച്ചു

സമീപവാസികള്‍ക്ക് ഇളവ്: ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയില്‍ താമസിക്കുന്നവർക്ക് മാസം 340 രൂപയ്ക്ക് പാസ് ലഭിക്കും. ഇതിനോടകം തന്നെ പാസ് വിതരണം ആരംഭിച്ചു കഴിഞ്ഞു.

മടക്കയാത്ര: 24 മണിക്കൂറിനുള്ളില്‍ മടങ്ങുന്ന വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും.

ജില്ലാ വാഹനങ്ങള്‍: കോഴിക്കോട് ജില്ലയില്‍ രജിസ്റ്റർ ചെയ്ത നാഷണല്‍ പെർമിറ്റ് ഇല്ലാത്ത കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനം ഇളവുണ്ടാകും.

ഫാസ്‌ടാഗ് ഓഫർ: 3000 രൂപയുടെ ഫാസ്‌ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകള്‍ വരെ നടത്താം.

അതേസമയം, കാസർഗോഡ് കുമ്ബള ടോള്‍ പ്ലാസയ്ക്കെതിരെയുള്ള ജനകീയ സമരം കൂടുതല്‍ ശക്തമാകുകയാണ്. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തില്‍ രാത്രിയിലും സമരപ്പന്തലില്‍ പ്രതിഷേധം തുടരുകയാണ്. പ്രശ്നപരിഹാരം ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. നിലവില്‍ ഫാസ്‌ടാഗ് ഉള്ള വാഹനങ്ങളില്‍ നിന്ന് മാത്രമാണ് കുമ്ബളയില്‍ ടോള്‍ ഈടാക്കുന്നത്.