കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിൻ്റെ മകന് ജോലി നൽകുമെന്ന് വനംവകുപ്പ്. മകൻ അനിൽകുമാറിന് വനം വകുപ്പിൽ താൽകാലിക ജോലി നൽകാൻ തീരുമാനമായി. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകർന്ന നിലയിലാണ്.
ആന്തരികാവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെറെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാളിമുത്തു കൊല്ലപ്പെട്ടത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാൽ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലിൽ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ