കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന പാചകവാതക സിലിണ്ടർ ലോറിയിൽ തീവച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ടുമുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിലാണ് പാർക്ക് ചെയ്യുന്നത്.
ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി പോയ കാർ യാത്രക്കാരൻ സംഭവം കണ്ട് സമീപത്തുള്ള വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. മറ്റു സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. യുവാവ് ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം തലയോലപ്പറമ്പ്-എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ