രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി


രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.