തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സുഗമമാക്കുന്നതിൻ്റെ ഭാഗമായി പോളിങ് ബൂത്തുകളുടെയും വോട്ടിങ് നടപടിക്രമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.
രാഷ്ട്രീയ പാർട്ടികൾ പോളിങ് ബൂത്തിന് സമീപം സ്ഥാപിക്കുന്ന ക്യാമ്പുകൾക്ക് കർശനമായ അകലപരിധി നിശ്ചയിച്ചിട്ടുണ്ട്.
പോളിങ് സ്റ്റേഷന്റെ 200 മീറ്റർ അകലത്തിൽ മാത്രമേ പോളിങ് ബൂത്തുകൾ സ്ഥാപിക്കാൻ പാടുള്ളൂ. മുനിസിപ്പാലിറ്റികളിൽ പോളിങ് സ്റ്റേഷന്റെ 100 മീറ്റർ അകലത്തിൽ മാത്രമേ ബൂത്തുകൾ സ്ഥാപിക്കാവൂ.
പോളിങ് സ്റ്റേഷനുകൾക്കകത്ത് തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫീസർ, വെബ്കാസ്റ്റിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല.
അന്ധത മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ചിഹ്നം തിരിച്ചറിയാനോ വോട്ടിങ് മെഷീനിലെ ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യമാകുന്ന പക്ഷം, വോട്ടർക്ക് 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ ഒപ്പം കൊണ്ടുപോകാൻ അനുമതി നൽകും.
അത്തരം സന്ദർഭങ്ങളിൽ, സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരലിൽ മഷി പുരത്തുന്നതിനോടൊപ്പം സഹായിയുടെ വലത് കൈയ്യിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) രേഖപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ, ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഒരു സമ്മതിദായകന് ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാൽ, താത്പര്യമുള്ള തലത്തിലെ വോട്ട് മാത്രം രേഖപ്പെടുത്തിയ ശേഷം അവസാന ബാലറ്റിലെ 'എൻഡ്' ബട്ടൺ അമർത്തി വോട്ടിങ് അവസാനിപ്പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ