പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

2025  നവംബർ 3  തിങ്കൾ 
1201  തുലാം 17  ഉത്രട്ടാതി 
1447  ജ : അവ്വൽ 12

◾ ക്രിക്കറ്റ് ലോകം കീഴടക്കി ഇന്ത്യന്‍ വനിതകള്‍. വനിതാ ലോക കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് സ്വന്തം. ഇന്നലെ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് വനിതാ ലോക കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ ഇന്ത്യ കന്നി മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 87 റണ്‍സെടുത്ത ഷെഫാലി വര്‍മയുടേയും 45 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും 58 റണ്‍സെടുത്ത ദീപ്തി ശര്‍മയുടേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 101 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും 246 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് അവരുടെ നടുവൊടിച്ചത്. 87 റണ്‍സും 2 വിക്കറ്റുമെടുത്ത ഷെഫാലി വര്‍മയാണ് കളിയിലെ താരം. ടൂര്‍ണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിങ്ങിലും നിര്‍ണായകമായ പ്രകടനം കാഴ്ച വെച്ച ദീപ്തി ശര്‍മയാണ് ടൂര്‍ണമെന്റിന്റെ താരം.

◾ വനിതാ ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ 87 റണ്‍സും 2 വിക്കറ്റുമെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച് കളിയിലെ താരമായി മാറിയ ഷഫാലി വര്‍മ ഈ ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഷഫാലിക്ക് തിരിച്ചടിയായത്. എന്നാല്‍ സെമിക്ക് മുമ്പ് പരിക്കേറ്റ പുറത്തായ പ്രതിക റാവലിന് പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്. പ്രതികയ്ക്ക് സംഭവിച്ചതുപോലെ ഒരു കായികതാരത്തിനും സംഭവിക്കരുതെന്നും, പക്ഷേ ദൈവം ചിലത് ചെയ്യാനാണ് എന്നെ ഇങ്ങോട്ടയച്ചതെന്നുമാണ് പ്രതികയ്ക്ക് പകരം ടീമിലെത്തിയപ്പോള്‍ ഷഫാലി പറഞ്ഞത്. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഷഫാലിയുടെ ഫൈനലിലെ പ്രകടനം. കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി ചരിത്രമെഴുതി. ലോകകപ്പ് മാത്രം നേടിയല്ല, ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. അതും തിരിച്ചുവന്ന രണ്ടാം മത്സരത്തില്‍ തന്നെ.

◾  വനിതാ ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിശയകരമായ ജയം എന്നാണ് മോദി എക്സില്‍ കുറിച്ചത്. ഇന്ത്യന്‍ വനിതകള്‍ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വര്‍ക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യന്‍മാര്‍ക്ക് കായികരംഗത്തേക്ക് കടക്കാന്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
◾  പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം അതിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾  കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് ചര്‍ച്ച ചെയ്യാതെയാണെന്ന സിപിഎമ്മിന്റെ തുറന്നുപറച്ചിലില്‍ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി. പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് മോദിയുമായും അമിത് ഷായുമായും പിണറായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

◾  മുസ്ലിം ലീഗ് - സമസ്ത ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും. സോഷ്യല്‍ മീഡിയയിലൂടെ ആരും ആരെയും താഴ്ത്തിക്കെട്ടി സംസാരിക്കരുതെന്ന് ഇരു നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കി. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും വേദി പങ്കുവെച്ചത്.

◾  മുസ്ലീം ലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടാതെ ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
◾  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങള്‍. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ മതിയെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് ഒപ്പം വേദി പങ്കിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ആളുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

◾  മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തില്‍ പി.എം.എ സലാമിനെതിരെ പൊലീസില്‍ പരാതി. സി.പി.എം പ്രവര്‍ത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാമെന്നും പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നുമാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.

◾  മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ഹീനവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യ ബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

◾  ശബരിമല തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. 10 ജില്ലകളിലെ 82 റോഡുകള്‍ക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 14 റോഡുകള്‍ക്ക് 68.90 കോടി രൂപയും. കൊല്ലത്ത് 15 റോഡുകള്‍ക്ക് 54. 20 കോടി, പത്തനംതിട്ടയില്‍ ആറു റോഡുകള്‍ക്ക് 40.20 കോടി, ആലപ്പുഴയില്‍ ഒമ്പത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു.
◾  കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും വിദഗ്ധരോടും 10 ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും പേരിനുപോലും ഇതിനുമുമ്പ് ഒരൊറ്റ സന്ദര്‍ഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നവരെപ്പോലെ 'തട്ടിപ്പ്' എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ എന്നാണ് എം ബി രാജേഷിന്റെ പ്രധാന ചോദ്യം. ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെയെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

◾  കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി എന്ന് ഒരു ഏജന്‍സികളും സര്‍ട്ടിഫൈ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ് എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെയ്ക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നാണ് ദാരിദ്ര്യ/അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഏതാണ്ട് മുപ്പത്തിയെട്ടോളം ഏജന്‍സികള്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഈ സംഘടനകളുടെ ഒന്നും അംഗീകാരം കേരളസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

◾  സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ് പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ മുഖേന കാന്‍സര്‍ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

◾  കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നെന്നും മന്ത്രി പറഞ്ഞു. 10ന് നടക്കുന്ന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കൂടി കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന്‍ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

◾  കേരള വാട്ടര്‍ അതോറിറ്റി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. 2024-25 വര്‍ഷത്തെ ആകെ നഷ്ടം 317.63 കോടിയും സ്ഥാപനത്തിന്റെ മൊത്തം നഷ്ടം 7156.76 കോടിയുമാണ്. വാട്ടര്‍ അതോറിറ്റിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം നിലവില്‍ വകുപ്പ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. '

◾  ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ വൈകാതെ പൂര്‍ത്തിയാക്കാനും തീരുമാനമുണ്ട്. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം. ഉരുളി വെച്ച് എണ്ണ സമര്‍പ്പണം, പതിനൊന്നു പറയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

◾  ഔട്ട്ലെറ്റുകളില്‍ നിന്ന് ലഭിക്കുന്ന സബ്സിഡി വിലയില്‍ തന്നെ സഞ്ചരിക്കുന്ന സൂപ്പര്‍സ്റ്റോറുകള്‍ വഴിയും ഉത്പ്പന്നങ്ങള്‍ ലഭിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ മൊബൈല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്ലയം ജംഗ്ഷനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ആളിയാര്‍ ഡാമിന് താഴെ വൈദ്യുതി ഉത്പാദനത്തിനായി മറ്റൊരു തടയണ കെട്ടാനുളള തമിഴ്നാടിന്റെ നീക്കത്തില്‍ ആശങ്ക അറിയിച്ച് കേരളം. പദ്ധതി നടപ്പായാല്‍ ചിറ്റൂര്‍ മേഖലയിലെ കൃഷിയും 150 ഓളം ശുദ്ധജല പദ്ധതികളും അവതാളത്തിലാകുമെന്നും ചിറ്റൂര്‍ പുഴയിലേക്കുളള സ്വാഭാവിക നീരൊഴുക്ക് പോലും തടസപ്പെടുമെന്നും ആശങ്ക. പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട് പോയാല്‍ കര്‍ഷകരുടെ സഹായത്തോടെ കോടതിയെ സമീപിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

◾  പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 11,000 രൂപയില്‍ നിന്നു 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഡിയോ എഡിറ്റര്‍മാരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

◾  വക്കീല്‍ ഫീസ് നല്‍കുന്നില്ലെന്ന് കാട്ടി രാജു നാരായണസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്. സുപ്രീംകോടതി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ആണ് രാജു നാരായണസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്നാണ് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

◾  തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഡി സി ബുക്സിന്റെ പേരില്‍ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം ഇന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പ്രകാശനം ചെയ്യും.

◾  കൊടുവള്ളി നഗരസഭയില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സ്ഥിരീകരിച്ച് നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി നല്‍കിയ കത്ത് പുറത്ത് വന്നു. വോട്ട് തള്ളിയതിന്റെയും വോട്ട് മാറ്റിയതിന്റെയും രേഖകള്‍ കാണാനില്ലെന്നും യാതൊരു നടപടിക്രമവും പാലിക്കാതെയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയതെന്നും അസിസ്റ്റന്റ് സെക്രട്ടറി നഗരസഭ ചെയര്‍മാന് നല്‍കിയ മറുപടിയില്‍ പറയുന്നു. അതേസമയം, വിവാദമുയര്‍ന്ന ശേഷം ഓഫീസില്‍ എത്താത്ത നഗരസഭ സെക്രട്ടറി വിഎസ് മനോജിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

◾  ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്നും നാളേയും കേരളത്തില്‍ സന്ദര്‍ശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ഭാഗമായി, ഇന്ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും.

◾  കൊല്ലം നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗര പരിധിയിലെ 26 സ്‌കൂളുകള്‍ക്കാണ് കൊല്ലം ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.

◾  കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും.

◾  മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയാല്‍, ശാസ്ത്രീയമായി മാത്രം സംസ്‌കരിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നി ഫാമുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു.

◾  വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ മദ്യപിച്ച് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആള്‍ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്.തിരുവനന്തപുരം സ്വദേശിയായ 19-കാരിക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. പ്രതിയെ കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്.

◾  രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നല്‍കും. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. യോഗത്തില്‍ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി.

◾  മുന്‍കൂര്‍ അനുമതിയില്ലാതെ പുതുക്കോട്ടയില്‍ സ്‌കൂട്ടര്‍ റാലി നടത്തിയതിന് വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വീണ്ടും വിവാദത്തില്‍. 40 ടി.വി.കെ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാര്‍ക്ക് കുടകള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് പ്രവര്‍ത്തകര്‍ റാലി സംഘടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ടി.വി.കെ. പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

◾  കരൂര്‍ ദുരന്തത്തില്‍ വിജയ് മാത്രമല്ല ഉത്തരവാദിയെന്നും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നടന്‍ അജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കൂടുതല്‍ ഉത്തരവാദിത്തം ആര്‍ക്കെന്ന് ചിന്തിക്കണമെന്നും നിങ്ങള്‍ വിജയുടെ പ്രതികരണമെടുക്കൂവെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചത്.

◾  രാജ്യത്ത് വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി മധുരൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍. സ്വച്ഛ സര്‍വേക്ഷന്‍ 2025 റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ നഗരങ്ങളുടെ പേരുകള്‍ റാങ്ക് അടിസ്ഥാനത്തില്‍ പുറത്തു വന്നിരിക്കുന്നത്. മാലിന്യ സംസ്‌കരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

◾  തന്തയില്ലാത്തവന്‍ എന്ന പ്രയോഗം ജാതി അധിക്ഷേപമല്ലെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. ദളിത് വിഭാഗത്തില്‍ പെട്ട വ്യക്തിയെ തന്തയില്ലാത്തവന്‍ എന്ന് വിളിച്ചതിന് എസ്.സി / എസ്.ടി വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തൃശൂരില്‍ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനനിര്‍ദ്ദേശം. പട്ടികജാതി വിഭാഗത്തില്‍ പെട്ട വ്യക്തിയെ സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ വ്യക്തി വാള്‍ ഉപയോഗിച്ച് വെട്ടിയെന്നും തന്തയില്ലാത്തവന്‍ എന്ന് വിളിച്ചുഎന്നാണ് പൊലീസ് കേസ്.

◾  ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസില്‍ മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വൈഎസ്ആര്‍സിപി നേതാവ് കൂടിയായ ജോഗി രമേഷിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മദ്യ കുംഭകോണം നടത്തിയത് ജോഗിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജനാര്‍ദ്ദന്‍ റാവു മൊഴി നല്‍കിയിരുന്നു.

◾  കോണ്‍ഗ്രസിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ആര്‍ ജെ ഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം നേടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാറ്റ്നയില്‍ റോഡ്ഷോ നടത്തിയുള്ള പ്രചാരണത്തിനിടെയാണ് മോദി, മഹാ സഖ്യത്തെ കടന്നാക്രമിച്ചത്. അതേസമയം മോദിയെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്നത് അദാനിയും അംബാനിയുമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിതിരിച്ചടിച്ചു.

◾  ബീഹാറില്‍ ആദ്യഘട്ട പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ജെഡിയു സ്ഥാനാര്‍ത്ഥി അറസ്റ്റിലായത് ആയുധമാക്കി ഇന്ത്യ സഖ്യം. ജന്‍സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശനിയാഴ്ചയാണ് ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്. ജന്‍സുരാജ് പ്രവര്‍ത്തകന്‍ ദുലര്‍ചന്ദ് യാദവ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതില്‍ ആനന്ദ് സിംഗിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം.

◾  ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബെഗുസരായ്യിലെ ഒരു കുളത്തിലാണ് രാഹുല്‍ അപ്രതീക്ഷിതമായി മീന്‍ പിടിത്തത്തിന് ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം പ്രചാരണ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷ സംഭവം.

◾  രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ എല്ലാവരും ജോധ്പൂരിലെ ഫലോദിയിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്.

◾  പശ്ചിമ ബംഗാളിലെ പൂര്‍വ ബര്‍ദ്വാന്‍ ജില്ലയിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ മദ്രസയിലെ ഏകദേശം നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ. ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയോടെ കൂടുതല്‍ ചികിത്സയ്ക്കായി അവരെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

◾  മെക്‌സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 12ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകള്‍ മരിച്ചതെന്നും സ്ഫോടനമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം.

◾  ഇസ്ലാമോഫോബിയയുടെ നിര്‍വചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ എംപിമാര്‍. നാല്‍പതോളം ലേബര്‍, സ്വതന്ത്ര എംപിമാരാണ് ഇസ്ലാമോഫോബിയയുടെ നിര്‍വചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്. മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവുണ്ടെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് എംപിമാരുടെ കത്ത്.

◾  റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനിയായ 'ഖബറോവ്സ്‌ക്' പുറത്തിറക്കി. തീരദേശ രാജ്യങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ ശേഷിയുള്ളതും 'ഡൂംസ്‌ഡേ മിസൈല്‍' എന്നറിയപ്പെടുന്നതുമായ 'പോസിഡോണ്‍' ആണവ ഡ്രോണ്‍ വഹിക്കാനുള്ള ശേഷി ഈ അന്തര്‍വാഹിനിക്കുണ്ട്. റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ് സെവറോഡ്വിന്‍സ്‌കിലെ സെവ്മാഷ് കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിലാണ് 'ഖബറോവ്സ്‌ക്' പുറത്തിറക്കിയത്.

◾  ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധം വിവാദമായതോടെ ആന്‍ഡ്രൂ രാജകുമാരന്റെ നാവിക സേനയിലെ സ്ഥാനവും നഷ്ടമാകും. വന്‍ വിവാദങ്ങള്‍ക്ക് അവസാനം കണ്ടെത്താനുള്ള ചാള്‍സ് രാജാവിന്റെ കടുത്ത നടപടിയില്‍ നേരത്തെ ബ്രിട്ടീഷ രാജകുടുംബത്തിലെ പദവികള്‍ ആന്‍ഡ്രൂ രാജകുമാരന് നഷ്ടമായിരുന്നു.

◾  നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സൈനിക നീക്കം തുടങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നീക്കത്തിന് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് യു എസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിനോടുള്ള ഈ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്.

◾  തെക്കന്‍ ഗാസയില്‍ ഹമാസുകാരെന്ന് സംശയിക്കുന്നവര്‍ ഒരു സഹായ ട്രക്ക് കൊള്ളയടിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന്‍ യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്.

◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 95,447 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റു ആറു മുന്‍നിര കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ 91,685 കോടിയുടെ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ റിലയന്‍സിന് 47,431 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,11,602 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,091 കോടി, ഭാരതി എയര്‍ടെല്‍ 14,540 കോടി, എല്‍ഐസി 3,383 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സിന് മാത്രം കഴിഞ്ഞാഴ്ച വിപണി മൂല്യത്തില്‍ 29,090 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് 21,618 കോടി, ഇന്‍ഫോസിസ് 17,822 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,924 കോടി എന്നിങ്ങനെയാണ് നഷ്ടത്തില്‍ മുന്‍പിലുള്ള മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

◾  രണ്ടാം ദിനവും തിയേറ്ററില്‍ കുതിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഡീയസ് ഈറെ'. ആദ്യ ദിനം 4.7 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം, രണ്ടാം ദിനം 6.22 കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് സാക്‌നിക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 10 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവുമാണ് ഡീയസ് ഈറെയിലേതെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. രാഹുല്‍ സദാശിവന്‍ തന്റെ മേക്കിങ് കൊണ്ട് പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും സിനിമയുടെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടി നേടുകയാണ്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഡീയസ് ഈറെയുടെ നിര്‍മാണം. ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

◾  മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് മമ്മൂട്ടി കമ്പനി. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കയ്യിലൊരു കട്ടനും എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന നായകനെയും അരികിലേക്ക് നടന്നടുക്കുന്ന നായികയെയുമാണ് പോസ്റ്ററില്‍ കാണാനാവുക. ഇരുവരുടെയും മുഖം പോസ്റ്ററില്‍ വ്യക്തമല്ല. മമ്മൂട്ടി കമ്പനിയുടെ പുതിയ ഷോര്‍ട്ട് ഫിലിമായ 'ആരോ- സംവണ്ണി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. സംവിധായകന്‍ രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതയും ആരോയ്ക്കുണ്ട്. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ശ്യാമ പ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരെയും ശ്യാമ പ്രസാദിനെയുമാണ് പോസ്റ്ററില്‍ കാണാനാവുക. വി ആര്‍ സുധീഷ് ആണ് കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീത സംവിധാനം.

◾  മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഇവിറ്റാര ഡിസംബറില്‍ എത്തും. ഈ വര്‍ഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് വാഹനത്തെ മാരുതി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ തന്നയാണ് കാറിന്റെ രൂപകല്‍പനയും നിര്‍മാണവും. സുസുക്കിയുടെ ഗുജറാത്ത് ഫാക്ടറില്‍ നിര്‍മിക്കുന്ന വാഹനത്തിന്റെ കയറ്റുമതി ഓഗസ്റ്റ് മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഇതുവരെ 7000 യൂണിറ്റുകളാണ് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇ-വിറ്റാരയുടെ ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റില്‍ 1,900 കിലോഗ്രാം വരെ ഭാരം പ്രതീക്ഷിക്കുന്നു, ഇത് മാരുതി ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയതായിരിക്കും. മാരുതി ഇവിറ്റാര രണ്ട് ഡ്രൈവ്‌ട്രെയിന്‍ കോണ്‍ഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ്. രണ്ടും ഒരേ 61 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിലും, ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് കൂടുതല്‍ പവറും മികച്ച ട്രാക്ഷനും ലഭിക്കുന്നു. ഫ്രണ്ട്-വീല്‍ ഡ്രൈവ് വേരിയന്റ് കൂടുതല്‍ കാര്യക്ഷമവും ഭാരം കുറഞ്ഞതുമായിരിക്കും, ഇത് നഗരപ്രദേശങ്ങളില്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനായി മാറും.

◾  തിരുവിതാംകൂര്‍ ചരിത്രത്തിനൊപ്പം പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്ന കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കി തിരുവിതാംകൂറിന്റെ മാത്യരാജ്യം ഭരിച്ചിരുന്ന ചേരന്മാരുടെ മണ്ഡലസാമ്രാജ്യമായിരുന്ന കാലം മുതല്‍ തന്നെ ഈ പ്രദേശം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പീരുമേട്, ഉടുംമ്പന്‍ചോല താലൂക്കുകളിലെ കുടിയേറ്റ ചരിത്രം ആരും വിശദമായി രേഖപ്പെടുത്തി കാണുന്നില്ല. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് പി.ജെ. ജോസഫിന്റെ ഈ ഗ്രന്ഥം. 'കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ'. മൂന്നാം പതിപ്പ്. പി ജെ ജോസഫ്. ജിയോ ബുക്സ്. വില 500 രൂപ.

◾  പ്രമേഹരോഗികള്‍ക്കും ടെന്‍ഷന്‍ അടിക്കാതെ ചോറ് ആവശ്യത്തിന് കഴിക്കാമെന്ന് പുതിയ പഠനം. അരി പ്രത്യേക രീതിയില്‍ വേവിച്ചു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാതെ സഹായിക്കുമെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒരു തവണ വേവിച്ച ചോറ് 24 മണിക്കൂറിന് ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് പുതിയതായി വേവിച്ച ചോറിനെക്കാള്‍ ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ കാരണമാകുമെന്നാണ് ഗവേഷകരുടെ വാദം. 32 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഓരോരുത്തരും വ്യത്യസ്ത ദിവസങ്ങളില്‍ സമാനമായ രണ്ട് തരം ചോറ് കഴിച്ചു (ഒന്ന് പുതിയതായി വേവിച്ച ചോറും മറ്റൊന്ന് തണുപ്പിച്ചതും വീണ്ടും ചൂടാക്കിയതും). തണുപ്പിച്ച് വീണ്ടും ചൂടാക്കി ചോറ് കഴിച്ചവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നിരുന്നതായി കണ്ടെത്തി. അതായത്, ചോറ് തണുപ്പിക്കുന്നത് അന്നജത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും അത് ദഹിക്കുന്നത് കുറയ്ക്കുകയും രക്തത്തില്‍ ഗ്ലൂക്കോസ് കലരുന്നത് പതുക്കെയാക്കുകയും ചെയ്യുന്നുവെന്നാണ്. എന്നാല്‍ പരീക്ഷണം നടത്തിയവരില്‍ മൂന്ന് പേര്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയുകയും ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരു മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ചുറ്റും കൂടിനില്‍പ്പുണ്ട്. അവരില്‍ ഒരാള്‍ പറഞ്ഞു: 'ഗുരോ അങ്ങ് ഈ ശരീരം വെടിയുന്നതിനുമുമ്പ് അവസാനമായി ഉപദേശം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണം' ഗുരു എല്ലാവരോടുമായി ചോദിച്ചു: 'എന്റെ വായില്‍ നിങ്ങള്‍ എന്താണ് കാണുന്നത്?' വൃദ്ധനായ അദ്ദേഹത്തിന്റെ വായില്‍ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങിനെയായിരുന്നു: നാവ് മാത്രം' ഗുരു വീണ്ടും അവരോട് ചോദിച്ചു: 'നിങ്ങളുടെ വായിലോ?' 'നാവും പല്ലുകളുമുണ്ട്'... അവര്‍ പറഞ്ഞു. ഗുരു തന്റെ അന്തിമോപദേശമായി വീണ്ടും പറയാനാരംഭിച്ചു: 'മനുഷ്യന്‍ ജനിക്കുമ്പോള്‍ അവന് നാവ് മാത്രമേയുള്ളൂ... പല്ല് പിന്നീട് വരുന്നതാണ്. അവ നാവിനെക്കാള്‍ എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ്. പക്ഷേ മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. മാര്‍ദ്ദവവും വഴക്കവുമുള്ള നാവ് മരണം വരെ ഒരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു.' ഗുരു അല്പനേരത്തെ മൗനത്തിനുശേഷം തുടര്‍ന്നു: 'ഇതാണെന്റെ അവസാനത്തെ ഉപദേശം: മൃദുവായത്, വഴക്കമുള്ളത് നിലനില്‍ക്കുന്നു. അതുകൊണ്ട് ദയയും ക്ഷമയും ശീലിക്കുക... മൃദുവായി സംസാരിക്കുക...'ഇത്രയും പറഞ്ഞ് അദ്ദേഹം സാവധാനം കണ്ണുകളടച്ചു. നമുക്ക് ലഭിച്ചിരിക്കുന്ന അപൂര്‍വമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് സംസാരിക്കാനുള്ള കഴിവ്. വാക്കിന് സകലരെയും ആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്. ഒരു നീര്‍ച്ചാലിനെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ട് തടഞ്ഞു നിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാല്‍ വളര്‍ന്ന് ഒരു വലിയ നദി ആയാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതുപോലെ നമ്മുടെ ചിന്ത വാക്കും, വാക്ക് പ്രവര്‍ത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ചിന്തിക്കാതെ സംസാരിക്കുക എന്ന ഒരൊറ്റ ദുര്‍ഗുണത്തിന് നൂറ് നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാന്‍ സാധിക്കും. അതിനാല്‍ നമ്മുടെ ഓരോ വാക്കും വിവേകപൂര്‍വമായിരിക്കട്ടെ. - ശുഭദിനം.
➖➖➖➖➖➖➖➖