അമേരിക്ക നീങ്ങുന്നത് മാന്ദ്യത്തിലേക്ക്; വെളിപ്പെടുത്തലുമായി മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് സാന്റി.


അമേരിക്ക മറ്റൊരു മാന്ദ്യത്തിലേക്കെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് സാന്റിയുടെ വെളിപ്പെടുത്തല്‍. 2008 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് മാര്‍ക്ക് സാന്റി. 2008-09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് അമേരിക്കയിലേതെന്നാണ് മാര്‍ക്ക് സാന്റി പറയുന്നത്. സംസ്ഥാനം തിരിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് സാന്റി ഈ പ്രവചനം നടത്തിയിരിക്കുന്നത്.

അമേരിക്കയുടെ മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ നിലവില്‍ മാന്ദ്യത്തിലെത്തി നില്‍ക്കുകയോ മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയോ ആണെന്നാണ് വിവരങ്ങള്‍ പറയുന്നതെന്ന് സാന്റി പറയുന്നു. മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കന്‍സാസ്, മസാച്യുസെറ്റ്‌സ് എന്നി സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ ഉയര്‍ന്ന സാധ്യതയിലാണുള്ളത്. ഇതില്‍പ്പെടാത്ത അടുത്ത മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ വളര്‍ച്ചയുണ്ടാക്കാതെ, എന്നാല്‍ മാന്ദ്യത്തിലേക്ക് വീണുപോകാതെ ഏതാണ്ട് സ്ഥിരതയില്‍ തന്നെ തുടരുന്നുവെന്നും സാന്റി പറഞ്ഞു.

സാമ്പത്തിക സമ്മര്‍ദ്ദം വിലക്കയറ്റത്തിനും തൊഴില്‍ അസ്ഥിരതയ്ക്കും കാരണമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിലയിരുത്തലാണ് സാന്റി പരസ്യപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കുമെന്നും സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നും മാര്‍ക്ക് സാന്റി പറയുന്നു. വാര്‍ഷിക പണപ്പെരുപ്പം 4% ആയി ഉയരുമെന്നും ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ കൂടുതല്‍ ഇല്ലാതാക്കുമെന്നും സാന്റി പ്രവചിച്ചിട്ടുമുണ്ട്.