ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുകുമാരൻ്റെ പിതൃസഹോദരിയും കോട്ടയം കട്ടച്ചിറ സ്വദേശിയുമായ തങ്കമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മില്‍ സാമ്ബത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിൻ്റെ പേരില്‍ സുകുമാരനെതിരെ തങ്കമ്മ നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 15 ദിവസങ്ങള്‍ക്ക് മുൻപാണ് തങ്കമ്മ സുകുമാരൻ്റെ വീട്ടിലെത്തിയത്.
ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊള്ളലേറ്റ തങ്കമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ