2025 ഒക്ടോബർ 14 ചൊവ്വ
1201 കന്നി 28 പുണർതം
1447 റ : ആഖിർ 21
◾ മകന്‍ വിവേക് കിരണിനെതിരായ ഇ ഡി സമന്‍സ് നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ദുഷ്‌പേരുണ്ടാക്കുന്ന രീതിയില്‍മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണെന്നും തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളതെന്നും ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തത്? ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ലെന്നും വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023 ല്‍ സമന്‍സ് അയച്ചിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് മകനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലാവ്ലിന്‍ കേസുമായി വിവേക് കിരണിനുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല.
◾ രണ്ടു വര്‍ഷം നീണ്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചതോടെ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല. അതേസമയം ഹമാസ് തടവില്‍ ജിവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ബന്ദികളും ഇസ്രായേലില്‍ തിരികെയെത്തി. ഇസ്രയേല്‍ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
◾ ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് സഹമന്ത്രിയെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത് ഇന്ത്യയുടെ തന്ത്രപരമായ അകലം പാലിക്കലാണോ അതോ അവസരം നഷ്ടപ്പെടുത്തിയതാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈജിപ്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യയുടെ അയല്‍പക്കത്ത് നടക്കുന്ന സുരക്ഷാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താന്‍ അമ്പരന്നുപോയെന്നും തരൂര്‍ പറഞ്ഞു.
◾ പിഎഫ് അക്കൗണ്ടില്‍ പിന്‍വലിക്കാന്‍ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന തീരുമാനവുമായി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിലാണ് തീരുമാനം കൈക്കൊണ്ടത്. ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിന്‍വലിക്കാമെന്നും ദില്ലിയില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ 238-ാമത് യോഗത്തില്‍ തീരുമാനിച്ചു. നേരത്തെ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണ്ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ.
◾ നവകേരള വികസന പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിലാണ് നവകേരള നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. നവകേരള ക്ഷേമ വിവര ശേഖരണ പരിപാടിയില്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് സൂക്ഷ്മമായി കേള്‍ക്കുമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെന്നും വിശദമായ റിപ്പോര്‍ട്ടും വികസന മാര്‍ഗരേഖയും ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒജെ ജനീഷിനെ തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്നത്. അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ദേശീയ സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ സീറ്റു കൂടിയാണ് അധ്യക്ഷ പദം ലഭിക്കാത്തവര്‍ക്ക് അനൗദ്യോഗികമായി ലഭിച്ച ഉറപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ വിശ്വാസ സംരക്ഷണത്തിനായുള്ള കെപിസിസിയുടെ നാല് മേഖലാ ജാഥകള്‍ ഇന്ന് ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ശബരിമലയിലെ സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
◾ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഏജന്റ് ഡിസ്‌കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസുകാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു..പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂള്‍ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരില്‍ പുറത്തുനിന്ന് ചിലരെത്തി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചത്
◾ കൊച്ചിയില്‍ ഹിജാബ് തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ട സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ മാനേജ്മെന്റ് ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
◾ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഷോണ്‍ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു.
◾ ഷാഫി പറമ്പില്‍ എം പിക്കെതിരായ പൊലീസ് അതിക്രമത്തിന് ശേഷം സി പി എം നുണ പ്രചരണം നടത്തുന്നുവെന്ന് ടി സിദ്ദിഖ് എം എല്‍ എ. സി പി എം നേതാക്കള്‍ നുണ പറയുമ്പോള്‍ ഒരു നുണയില്‍ ഉറച്ചു നില്‍ക്കണമെന്നും, സെക്കന്‍ഡ് വച്ച് നുണ മാറ്റി പറയുന്ന നിലയിലാണ് സി പി എമ്മിന്റെ അവസ്ഥയെന്നും സിദ്ദിഖ് പരിഹസിച്ചു. സര്‍ജറി നടത്തുന്നതിന് മുമ്പേ മീശയും താടിയും മാറ്റിയില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം.
◾ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എംപി ആശുപത്രി വിട്ടു. മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
◾ പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് എടുത്തു. സംഘര്‍ഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിന്‍മേല്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാര്‍ക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
◾ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പതിനേഴാം തിയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
◾ ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയാണ് കവര്‍ന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സ്‌കൂളില്‍ ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. പ്രിന്‍സിപ്പന്‍ സുനില്‍കുമാറിന്റെ ഓഫീസ് റൂമിന്റെ താഴു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് രണ്ട് അലമാരകള്‍ തകര്‍ക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ കോഴിക്കോട് ബാലുശ്ശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടന്നത്.
◾ പത്തനംതിട്ട റാന്നി സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് എസ്പിയുടെ നടപടി. ലഹരിവേട്ടയ്ക്കുള്ള ഡാന്‍സാഫ് ടീമില്‍ അംഗമാണ് മുബാറക്.
◾ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എന്‍ വാസവനൊപ്പം എത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്.
◾ കര്‍ണാടകയിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ത്ഥന പരിശോധിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിര്‍ദേശം നല്‍കി. പ്രിയങ്ക് ഖാര്‍ഗെ ഒക്ടോബര്‍ 4 ന് നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി നടപടി സ്വീകരിച്ചതോടെ വിവാദത്തിന് തിരികൊളുത്തി. പ്രിയങ്കിന്റെ കത്ത് പരിശോധിച്ച് ആവശ്യമായ നടപടി ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.
◾ മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ ആത്മഹത്യയില്‍ ആര്‍എസ്എസിനെതിരെ എഐസിസി നേതൃത്വം. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജിയെന്ന എന്‍ജിനീയര്‍ ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയടക്കം വളര്‍ന്നു വന്ന ആര്‍എസ്എസ് ശാഖകളില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണെന്നും പവന്‍ ഖേര പ്രസ്താവനയില്‍ വ്യക്തമാക്കി.
◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി മഹാസഖ്യം. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി 135 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റിലും മത്സരിക്കും. ബീഹാറിലെ 243 സീറ്റുകളില്‍ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും നല്‍കും. തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടാനും തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍.
◾ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി 2047 ആകുമ്പോഴേക്കും ബ്രഹ്‌മപുത്ര നദിയില്‍ 76 ജിഗാവാട്ടിലധികം ശേഷിയുള്ള 6.8 കോടി ലക്ഷം രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി. ബ്രഹ്‌മപുത്ര നദി ഒഴുകുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 12 ഉപതടങ്ങളിലായി 208 വലിയ ജലവൈദ്യുത പദ്ധതികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രഹ്‌മപുത്ര നദിയുടെ ഭാഗമായ യാര്‍ലുങ് സാങ്‌ബോയില്‍ ചൈന അണക്കെട്ട് പണിയുന്നത് ഇന്ത്യയുടെ ഭാഗത്തെ ഒഴുക്ക് 85 ശതമാനം വരെ കുറയ്ക്കുമെന്ന സര്‍ക്കാരിന്റെ ആശങ്കകള്‍ക്കിടയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
◾ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം. മുന്‍ഭാഗം ഇടിച്ച് റോഡിലേക്ക് എത്തിയ വിമാനം വളരെ വേഗതയില്‍ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു.
◾ ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര ബന്ധം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണ. കനേഡിയന്‍ വിദേശകാര്യമന്ത്രി അനിത ആനന്ദുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്. വ്യാപാര രംഗത്തെ സഹകരണത്തിന് മന്ത്രിതല ചര്‍ച്ചകള്‍ക്കും തീരുമാനമായി.
◾ മ്യാന്‍മറിലെ സൈനിക സര്‍ക്കാരിനെതിരെ മെഴുകുതിരി കൊളുത്തി സമരം ചെയ്ത ആളുകള്‍ക്കിടയിലേക്ക് പാരഗ്ലൈഡറില്‍ ബോബിട്ട് 24 പേര്‍ക്ക് ദാരുണാന്ത്യം, 47ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിലാണ് ആള്‍ക്കൂട്ടത്തിലേക്ക് ബോംബ് വര്‍ഷിച്ചത്. ദേശീയ അവധി ദിനത്തില്‍ ചാംഗ് ഉ വില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്ന നൂറിലേറെ പേര്‍ക്ക് നടുവിലേക്കാണ് ബോംബിട്ടത്.
◾ ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്. മിഡില്‍ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തില്‍ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു.
◾ ഹമാസ് സുരക്ഷാ സേനയും ആയുധ ധാരികളായ ഗോത്ര അംഗങ്ങളും തമ്മില്‍ ഗാസ സിറ്റിയിലുണ്ടായ അക്രമത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷമുള്ള വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഗാസയിലുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോര്‍ദ്ദാനിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികര്‍ ഗോത്ര അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
◾ 2025ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. നവീകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
◾ ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന തന്റെ ദീര്‍ഘകാല അവകാശവാദം ട്രംപ് ആവര്‍ത്തിച്ചത്.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 9 വിക്കറ്റും ഒരു ദിവസവും ബാക്കി നില്‍ക്കെ ഇന്ത്യയ്ക്കിനി ജയിക്കാന്‍ വേണ്ടത് 58 റണ്‍സ് മാത്രം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ സ്‌കോറായ 518 ണ്‍സിനെതിരെ കളത്തിലിറങ്ങിയ വിന്‍ഡീസ് ഒന്നാമിന്നിംഗ്സില്‍ 248 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്തിരുന്നു. രണ്ടാമിന്നിംഗ്സില്‍ കുറേകൂടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 390 റണ്‍സിന് പുറത്താവുകയായിരുന്നു. 115 റണ്‍സെടുത്ത ജോണ്‍ കാംപെല്ലിന്റേയും 103 റണ്‍സെടുത്ത ഷായ് ഹോപിന്റേയും പ്രകടനമാണ് വിന്‍ഡീസിന് നാനൂറിടുത്തെത്തിച്ചത്. 121 റണ്‍സ് വിജയലക്ഷ്യവുമയിറങ്ങിയ ഇന്ത്യ നിലവില്‍ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തി 63 റണ്‍സെടുത്തിട്ടുണ്ട്.
◾https://.in/ യു.പി.ഐ വഴി 100 രൂപയില്‍ താഴെയുള്ള ഇടപാടുകളെ കുറിച്ച് എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നത് നിര്‍ത്താനൊരുങ്ങി ബാങ്കുകള്‍. ഇതിനായി റിസര്‍വ് ബാങ്കിനോട് അനുമതി തേടി. യു.പി.ഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ ചെറിയ തുകകളുടെ ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന എസ്.എം.എസുകളുടെ എണ്ണവും കൂടി. ഇതോടെ പലരും വലിയ തുകകളുടെ മെസേജ് പോലും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടാകുന്നതായാണ് ബാങ്കുകള്‍ പറയുന്നത്. ചെറിയ തുകകളുടെ ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ഇതേ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. റിസര്‍വ് ബാങ്കാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത്. അതേസമയം, എസ്.എം.എസ് നിര്‍ത്തലാക്കുന്നതിനു മുമ്പ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഒരു എസ്.എം.എസിന് 0.20 പൈസയാണ് ചെലവ് വരുന്നത്. സാധാരണ ഇത് ഉപയോക്താക്കളില്‍ നിന്നാണ് ഈടാക്കുക. ചില ബാങ്കുകള്‍ ഇത് ഈടാക്കാറുമില്ല. അതേസമയം, ഇ-മെയില്‍ അലേര്‍ട്ടുകള്‍ സൗജന്യമാണ്.
◾ ടോളിവുഡിന്റെ സ്റ്റൈലിഷ് താരം, തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദില്‍ ആരംഭിച്ചു. 'എസ്വിസി59' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരണ്‍ കോലയാണ്. മലയാളികളുടെ പ്രിയ താരം കീര്‍ത്തി സുരേഷ് ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയാവുന്നത്. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്പ്പ് നടത്തിയ രവി കിരണ്‍ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ചിത്രങ്ങള്‍ക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കില്‍ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നില്‍ക്കുന്ന പോസ്റ്ററിന് ആക്ഷന്‍ പാക്ക് വൈബ് ഉണ്ട്. ആയുധം ഞാന്‍, ചോര എന്റെ, യുദ്ധം എന്നോട് തന്നെ: എന്ന പോസ്റ്ററില്‍ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
◾ ലോകമെമ്പാടും ആരാധകരുള്ള 'ഗെയിം ഓഫ് ത്രോണ്‍സ്' സീരീസിന്റെ പ്രീക്വല്‍ 'എ നൈറ്റ് ഓഫ് ദ് സെവന്‍ കിങ്ഡംസ്' ട്രെയിലര്‍ റിലീസ് ചെയ്തു. ഗെയിം ഓഫ് ത്രോണ്‍സ് രചയിതാവ് ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് പുതിയ സീരീസ് എത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലെ സംഭവങ്ങള്‍ക്ക് നൂറ് വര്‍ഷം മുമ്പ് നടക്കുന്ന കഥയാണ് 'എ നൈറ്റ് ഓഫ് ദ് സെവന്‍ കിങ്ഡംസ്'. ഫിന്‍ ബെന്നറ്റ്, ബെര്‍ട്ടി കാര്‍വല്‍, ഡാനിയല്‍ ഇംഗ്സ്, ടാന്‍സിന്‍ ക്രോഫോര്‍ഡ്, സാം സ്പ്രൂവല്‍, റോസ് ആന്‍ഡേഴ്സണ്‍, എഡ്വേര്‍ഡ് ആഷ്ലി, ഹെന്റി ആഷ്ടണ്‍, യൂസഫ് കെര്‍കോര്‍, ഡാനിയല്‍ മോങ്ക്സ്, ഷോണ്‍ തോമസ്, ടോം വോണ്‍-ലോലര്‍, സ്റ്റീവ് വാള്‍, ഡാനി വെബ്ബ് എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കള്‍. 30 മിനിറ്റ് വീതമുള്ള ആറ് എപ്പിസോഡുകളായാണ് സീരീസ് എത്തുന്നത്. 2026 ജനുവരി 18ന് എച്ച്ബിഒ മാക്സില്‍ സീരീസ് പ്രീമിയര്‍ ചെയ്യും. ഇന്ത്യയില്‍, ജനുവരി 19 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സീരീസ് ലഭ്യമാകും.
◾ ജര്‍മന്‍ ആഡംബ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ പുതിയ ജി450ഡി പുറത്തിറക്കി. ഡീസല്‍ ജി-ക്ലാസ് ശ്രേണി വിപുലീകരിച്ചാണ് പുതിയ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.90 കോടി രൂപയാണ് എക്സ്-ഷോറൂം വില. ബ്രാന്‍ഡിന്റെ ഓഫ്-റോഡ് പാരമ്പര്യവും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറുകളും ചേര്‍ന്നതാണ് പുതിയ വാഹനം. 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇണക്കിചേര്‍ത്ത 3.0-ലിറ്റര്‍, ഇന്‍ലൈന്‍-സിക്‌സ് ഡീസല്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററില്‍ നിന്ന് 20-ബിഎച്ച്പി അധികം ബൂസ്റ്റോടെ 362ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഇത് പുറപ്പെടുവിക്കുന്നു. ഒമ്പത് ഗിയറുള്ള വാഹനത്തിന് 5.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. ഡോള്‍ബി അറ്റ്മോസും ആംബിയന്റ് ലൈറ്റിങ്ങും ഉള്ള ഒരു ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.
◾ മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങള്‍ക്ക് മുഴുത്ത തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ് ഈ കഥകളില്‍, അരികുകളില്‍ നിന്നും തുറസ്സുകളില്‍ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങള്‍ക്ക് പകല്‍ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങള്‍ തീര്‍ക്കുന്നു. വാഴ്വ് കുത്തിയ തമോഗര്‍ത്തങ്ങളില്‍ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേര്‍വഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുന്‍ധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവര്‍ - തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവര്‍, മജ്ജയെ പൊള്ളിക്കുന്നവര്‍. 'ഇരുട്ട് പത്രാധിപര്‍'. ജി.ആര്‍. ഇന്ദുഗോപന്‍. എച്ച് & സി ബുക്സ്, വില 240 രൂപ.
◾ നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ഇഡ്‌ലി മാവ് തയ്യാറാക്കുന്നത്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച ഭക്ഷണം ദഹനവും ശരീരവീക്കവും കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കൊഴുപ്പ് കുറവാണെന്നതാണ് ഇഡ്‌ലിയുടെ ഒരു സവിശേഷത. മറ്റൊന്ന് ഇത് ഗ്ലൂട്ടന്‍ രഹിതമാണ്. അതുകൊണ്ട് തന്നെ അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍, ഗ്യാസ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കും. പുളിപ്പിക്കല്‍ ബി വിറ്റാനുകളെ പ്രോത്സാഹിപ്പിക്കും. കൂടാതെ ആവിയില്‍ പുഴുങ്ങുന്നതു കൊണ്ട് തന്നെ, ഇഡ്‌ലി ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്. സാമ്പാറിനൊപ്പം ഇഡ്‌ലി കഴിക്കുന്നതാണ് മികച്ച കോമ്പിനേഷന്‍. ഇത് പ്രോട്ടീനും നാരുകളും ലഭ്യമാകാന്‍ സഹായിക്കുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഴിയും. ഇതിനൊപ്പം ചമ്മന്തി ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് കിട്ടാന്‍ സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യവും ഹോര്‍മോണ്‍ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കും. ഇഡ്‌ലി ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ്. എന്നാല്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഇന്‍സ്റ്റന്റ് മിക്‌സുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ച ചോയ്‌സ് ആണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ബന്ധുവിന്റെ വിവാഹസത്ക്കാര ചടങ്ങിന് പോകാനൊരുങ്ങുകയാണ് ഒരു യുവാവും ഭാര്യയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന ഒരു കുടുംബം. ഭര്‍ത്താവ് പെട്ടെന്നുതന്നെ വസ്ത്രങ്ങളൊക്കെ മാറി കാറില്‍ കയറി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഹോണ്‍ അടിച്ചു കുറച്ച് കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ രണ്ടുപേരും വന്നു കാറില്‍ കയറി. കുറേ നേരമായിട്ടും ഭാര്യയെ കണ്ടില്ല. ഭര്‍ത്താവ് അക്ഷമനായി തുരു തുരാ ഹോണ്‍ അടിച്ചതിനു ശേഷമാണ് ഭാര്യ തിടുക്കത്തില്‍ വന്ന് കാറില്‍ കയറുന്നത്. കാറില്‍ കയറിയപ്പോള്‍ മുതല്‍ അയാള്‍ അവളെ ശകാരിച്ചു കൊണ്ടിരുന്നു... കാറില്‍ കയറാന്‍ താമസിച്ചതിന്... നന്നായി അണിഞ്ഞൊരുങ്ങാത്തതിന്... വസ്ത്രങ്ങള്‍ അലങ്കോലമായതിന്... ഒക്കെ. സത്കാര സ്ഥലത്ത് യുവാവിന്റെ അമ്മയും അച്ഛനും കൂടി എത്തിച്ചേര്‍ന്നിരുന്നു. മരുമകളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട് സംഭവിച്ചതായി അമ്മായമ്മക്ക് മനസ്സിലായി. അവര്‍ മരുമകളെ പിടിച്ചുനിര്‍ത്തി കാര്യമന്വേഷിച്ചു. ഇതൊക്കെ പതിവ് സംഭവങ്ങളായിരുന്നതിനാല്‍ മരുമകള്‍ നിസ്സംഗതയോടെയാണ് ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചത്. സത്കാരമൊക്കെ കഴിഞ്ഞ് എല്ലാവരും പിരിയാന്‍ നേരത്ത് ഒരു സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ആ അമ്മ മകനെ മാറ്റിനിര്‍ത്തി പറഞ്ഞു: 'നാളെ രാവിലെ നീ എന്റെ സ്‌കൂളിലേക്ക് വരണം... കുട്ടികള്‍ക്ക് ഒരു ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കാനാണ്.' കേട്ട ഉടനെ മകന്‍ പറഞ്ഞു: 'അങ്ങനെ പെട്ടെന്നൊന്നും വരാന്‍ പറ്റില്ല... എന്റെ ഓഫീസില്‍ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുണ്ടോ എന്ന് തിരക്കണം.... സ്റ്റാഫ് ഷോര്‍ട്യേജ് ഉണ്ടോ എന്നൊക്കെ നോക്കണം ...അതുപോലെ അമ്മയുടെ സ്‌കൂളിലെ കുട്ടികളുടെ നിലവാരം എന്താണെന്ന് എനിക്ക് അറിഞ്ഞുകൂടല്ലോ... അതൊക്കെ എനിക്ക് പഠിക്കണം... ഇതിനൊക്കെ ഒരുങ്ങാന്‍ എനിക്ക് സമയം വേണം.' അമ്മ പറഞ്ഞു: 'ശരിയാണ്... ആര്‍ക്കായാലും ഏത് പരിപാടിക്കായാലും അവനവന്റേതായ സമയം വേണം. നീ ഒരു പരിപാടിക്ക് പോകാന്‍ വേഗത്തില്‍ ഒരുങ്ങി കാറില്‍ കയറിയിരിക്കുമ്പോള്‍ നിന്റെ ഭാര്യയെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അവള്‍ക്ക് കുട്ടികളെ ഒരുക്കണം... അടുക്കളയിലെ പാചക ജോലികള്‍ ഒതുക്കണം...അവള്‍ക്കൊരുങ്ങാന്‍ സമയം വേണം....അവള്‍ക്ക് അവളുടേതായ ഇടം നീ കൊടുക്കാത്തതെന്ത്? ജീവിതം ഒരു മരത്തോണ്‍ ഓട്ടമല്ല. ചുറ്റുമുള്ളവരെയൊക്കെ പിന്നിലാക്കി മത്സരിച്ച് ഓടേണ്ട കാര്യവുമില്ല. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെയൊക്കെ ആസ്വദിച്ച് കൂടെയുള്ളവരെ ചേര്‍ത്തുപിടിച്ച് നീങ്ങേണ്ട ഒരു നടത്തം ആണത്. നീ അങ്ങനെതന്നെ ജീവിതത്തെ കാണണം. അമ്മ അന്ന് നല്‍കിയ ഉപദേശപ്രകാരം ജീവിക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ നിന്ന് നഷ്ടമായി എന്ന് വിചാരിച്ചിരുന്ന സന്തോഷം അയാള്‍ക്ക് തിരിച്ചുകിട്ടി. പലര്‍ക്കും ജീവിതം ഒരു മത്സര ഓട്ടമാണ്. എന്തൊക്കെയോ വെട്ടിപ്പിടിക്കാമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഒരു മരണപ്പാച്ചില്‍. കൂടെയുള്ളവരെ അവര്‍ ഗൗനിക്കുന്നതേയില്ല. ഈ ഓട്ടത്തിനിടയില്‍ നഷ്ടപെട്ടുപോവുന്ന ചില തിരിച്ചറിവുകളുണ്ട്... ജീവിത മൂല്യങ്ങളുണ്ട്... സന്തോഷങ്ങളുണ്ട്... അവയെ നാം നിസ്സാരമായി കണ്ടുകൂടാ. പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിച്ചു നടക്കുന്ന ആസ്വാദ്യകരമായ ഒരു നടത്തമാവട്ടെ നമ്മുടെ ജീവിതം. -:ശുഭദിനം.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ