ബമ്പറടിച്ചെങ്കിലും ജോലി തുടരും, ചില കടങ്ങള്‍ വീട്ടാനുണ്ട്'; പതിവുപോലെ പെയിന്റ് കടയിലെത്തി ശരത്ത്


ഓണം ബമ്പറടിച്ചെങ്കിലും പെയിന്റ് കടയിലെ ജോലി തുടരുമെന്ന് ഭാഗ്യശാലി ശരത്ത് എസ് നായര്‍. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ആദ്യം ചില കടങ്ങള്‍ വീട്ടാനുണ്ടെന്നും ശരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ലോട്ടറി ഏജന്റിനെ കണ്ട് സംസാരിച്ചു. അന്ന് ലതീഷിന്റെ കടയില്‍ ലഡു വിതരണമൊക്കെ നടക്കുമ്പോള്‍ താനിവിടെ ഉണ്ടായിരുന്നുവെന്നും ശരത്ത് പറഞ്ഞു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുൾപ്പെടെ നില്‍ക്കുന്നത് കണ്ടിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാം എല്ലാവരും അറിയും. അതുകൊണ്ടാണ് എല്ലാം ഉറപ്പുവരുത്തിയ ശേഷം എല്ലാവരോടും പറയാമെന്ന് കരുതിയതെന്നും ശരത്ത് പറഞ്ഞു.

തിരുവോണം ബമ്പർ ഫലം പ്രഖ്യാപിച്ചതുമുതൽ ആരാണ് ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ലതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലോട്ടറി അടിച്ചത് ഒരു സ്ത്രീയ്ക്കാണ് എന്നതടക്കമുള്ള ഊഹാപോഹങ്ങൾ വന്നിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇക്കാര്യത്തിലൊരു വ്യക്തത വന്നത്. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പർ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷൻ ഇനത്തിൽ രണ്ടരക്കോടി ലഭിക്കും. ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂർ വിട്ട് പോകാൻ സാധ്യത ഇല്ലെന്നുമായിരുന്നു ലതീഷ് പറഞ്ഞത്. മൂന്ന് മാസം മുൻപാണ് ലതീഷിന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.