കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


കനത്ത മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഒക്ടോബർ 22, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ന്യൂനമർദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ ഇന്ന് അവധി നല്‍കിയത്. അവധി അറിയിപ്പ് വിശദമായി അറിയാം.


ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർ‌ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (22 - 10 - 2025) അവധി ആയിരിക്കും. എല്ലാ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം ആയിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പാലക്കാട് കോളേജുകള്‍ക്കുള്‍പ്പെടെ ഇന്ന് അവധി

പാലക്കാടും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻഷ്യല്‍ സ്ക്കൂളുകള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമയിരിക്കില്ല.

പത്തനംതിട്ടയില്‍ ഇന്ന് അവധി

പത്തനംതിട്ടയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പ്രൊഫഷണല്‍ കോളേജ് വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻററുകള്‍ക്കും, അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടാകില്ല

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

മലപ്പുറത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുൻകരുതല്‍ നടപടികളുടെ ഭാഗമായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (22-10-2025 ബുധൻ) അവധിയായിരിക്കും. സ്കൂളുകള്‍ക്ക് പുറമെ അങ്കണവാടികള്‍ക്കും, മദ്‌റസകള്‍ക്കും, ട്യൂഷൻ സെൻ്ററുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

അതേസമയം റെഡ് അലേർട്ട് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി സ്കൂള്‍ ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമല്ലെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

ഇരട്ട ന്യൂനമർദ്ദത്തെയും ചക്രവാതച്ചുഴിയെയും തുടർന്ന് ഇന്നലെ രാത്രിയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്തിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ലഭിച്ചിരുന്നു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്തിരുന്നു. ഇടിമിന്നലോടുകൂടിയ മഴയാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ പെയ്യുന്നത്.