കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്,വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയതായി പരാതി


സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി 15,000 രൂപ തട്ടിയെടുത്തു. നറുക്കെടുപ്പിൽ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് ഏജന്റ്റിൽ നിന്ന് പണം തട്ടിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തൃശൂരിലെ കാട്ടൂർ പൊഞ്ഞനത്ത് ആണ് സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി തട്ടിപ്പ് നടത്തിയത്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പിൽ തേജസിനാണ് പണം നഷ്‌ടമായത്. കാട്ടൂർ ഹൈസ്കൂളിന് സമീപത്തെ തേജസിന്റെ ലോട്ടറി കടയിൽ ബൈക്കിലെത്തിയ യുവാവ് സമ്മാനം നേടിയ ടിക്കറ്റിന്റെ കളർ കോപ്പി നൽകുകയായിരുന്നു.

കഴിഞ്ഞ 21 ന് നറുക്കെടുത്ത കേരള സർക്കാറിന്റെ സമൃദ്ധിയുടെ മൂന്ന് ടിക്കറ്റ് ആണ് യുവാവ് നൽകിയത്. ക്യൂആർ കോഡ് ഉപയോഗിച്ചുള്ള പരിശോധനയിൽ ടിക്കറ്റിന് നാലാം സമ്മാനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കമ്മീഷൻ കഴിച്ചുള്ള തുക തേജസ് യുവാവിന് നൽകുകയായിരുന്നു. എന്നാൽ ടിക്കറ്റ് മാറാൻ തേജസ് എജൻസിലെത്തിയപ്പോൾ ഈ ലോട്ടറി 23-ാം തീയതി ആലപ്പുഴ ട്രഷറിയിൽ മാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.