ഇന്ന് യുഡിഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ഒഴിവാക്കി.


സംസ്ഥാനത്ത് ഇന്ന് യുഡിഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ സംഘിവത്കരിക്കുന്ന നയനിലപാടുകളില്‍ പ്രതിഷേധിച്ചാണ് യുഡിഎസ്‌എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് (ഒക്ടോബർ 29, ബുധനാഴ്ച) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നടത്തിയതെന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടന നേതാക്കള്‍ അറിയിച്ചു.

ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ബന്ദ് ബാധകമല്ല. ഞങ്ങള്‍ ഉയർത്തുന്ന, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തെ തിരിച്ചറിഞ്ഞ് യുഡിഎസ്‌എഫിൻ്റെ വിദ്യാഭ്യാസ ബന്ദിനോട് സഹകരിക്കണമെന്ന് യുഡിഎസ്‌എഫ് ചെയർമാൻ അലോഷ്യസ് സേവ്യറും, കണ്‍വീനർ പികെ നവാസും അറിയിച്ചു.

രാജ്യത്തിൻ്റെ വിദ്യാഭ്യാസ നയങ്ങള്‍ കല്‍പ്പിക്കും വിധമുള്ള മതേതരവും വസ്തുതാപരവുമായ വിദ്യാഭ്യാസമായിരുന്നു നമ്മുടെ വിദ്യാലയങ്ങളില്‍ നല്‍കപ്പെട്ടിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ സംഘി വത്കരിക്കുന്ന എൻഇപി നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോള്‍ കേരളം സ്വമേധയാ രൂപപ്പെടുത്തിയ നയവുമായി മുന്നോട്ട് പോയി.

സംഘിവത്കരിക്കുക എന്ന ബിജെപിയുടെ അജണ്ടയെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള മേഖലയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല. എന്നാല്‍ പിഎം ശ്രീ പദ്ധതി എന്ന എൻഇപിയിലേക്ക് നയിക്കുന്ന പദ്ധതി നടപ്പിലാക്കി കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള വിടവാണ് സംസ്ഥാന സർക്കാർ തുറക്കുന്നത്. വിദ്യാർഥി സംഘടനകളും മറ്റും ശക്തമായ പ്രതിഷേധം ഉയർത്തിയെങ്കിലും സംസ്ഥാന സർക്കാർ കരാറില്‍ ഒപ്പ് വെക്കുന്ന സ്ഥിതിയുണ്ടായി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും യുഡിഎസ്‌എഫ് നേതാക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയശ്രമം തള്ളിയാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

പിഎം ശ്രീയില്‍ സമവായ നിര്‍ദേശം നിലവില്‍ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ല രാഷ്ട്രീയ തീരുമാനം സിപിഐ എടുത്തത്