പെപ്പര്‍ സ്പ്രേ ഉപയോഗിച്ചെന്ന് പ്രാഥമിക വിവരം;വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേമം പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം ഇവരെ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്. കുട്ടികള്‍ തമ്മില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ചെന്നാണ് പ്രാഥമിക വിവരം. പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ആറ് വിദ്യാർത്ഥികളെയും ഒരു അധ്യാപികയെയും ആണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പ്ലസ് വണ്‍ സയൻസ് ബാച്ചിലെ വിദ്യാർഥികളാണിവരെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണവേണി പറഞ്ഞു. നാല് ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. റെഡ് കോപ്പ് എന്ന പേരാണ് വിദ്യാർത്ഥികള്‍ പറഞ്ഞത്. റെഡ് കോപ്പ് എന്നത് പെപ്പർ സ്പ്രേ ആണ്. കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതിനെത്തുടർന്ന് ആറു പേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും കൃഷ്ണവേണി പറഞ്ഞു.