കോട്ടയത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം;പിതാവ് ഉൾപ്പടെ മൂന്ന് പേർ കസ്റ്റഡിയിൽ


കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം. അസം സ്വദേശിയായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യുപി സ്വദേശിക്കാണ് കുഞ്ഞിനെ വില്‍ക്കാൻ ശ്രമിച്ചത്. ഇവർ അസം സ്വദേശികളാണ്.

അര ലക്ഷം രൂപക്കാണ് വില്‍പ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളില്‍ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വില്‍ക്കാൻ ശ്രമിച്ചത്. 

കുഞ്ഞിൻ്റെ അമ്മയോടൊപ്പം അയല്‍ക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. കുഞ്ഞിൻ്റെ അമ്മയെയും കുട്ടികളെയും പോലീസ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. അസം, യുപി ഭാഷ കൈകാര്യം ചെയ്യുന്നവരുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.