വധശ്രമക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പിതാവിന്, മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹൈക്കോടതി അഞ്ച് ദിവസത്തെ താത്കാലിക പരോൾ അനുവദിച്ചു. മലപ്പുറം സ്വദേശിയായ 50 വയസുകാരനാണ് ജസ്റ്റിസ് പ്രത്യേക പരിഗണന നൽകി വെള്ളിയാഴ്ച മുതൽ ഒക്ടോബർ 14 വരെ പരോൾ അനുവദിച്ചത്.
മകളുടെ അഭിഭാഷക എൻറോൾമെന്റ് ചടങ്ങുകൾ ഈ മാസം 11, 12 തീയതികളിലാണ് നടക്കുന്നത്. പരോളിനായുള്ള അപേക്ഷ ജയിൽ അധികൃതർ നേരത്തെ നിരസിച്ചതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. പരോളിന് പ്രഥമദൃഷ്ട്യാ ഹർജിക്കാരൻ അർഹനല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വിഷയം മക്കളുടെ കണ്ണുകളിലൂടെയാണ് കോടതി പരിഗണിക്കുന്നതെന്നും നിരീക്ഷിച്ചു. "സമൂഹം കുറ്റവാളിയായി കാണുന്ന വ്യക്തിയാണെങ്കിലും, ഒരു അച്ഛൻ മക്കൾക്ക് എന്നും ഹീറോ തന്നെയായിരിക്കും," പരോൾ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
ഒരു മകളുടെ വികാരത്തിന് മുന്നിൽ കോടതിക്ക് കണ്ണടക്കാനാകില്ല. അഭിഭാഷകയാകാൻ പോകുന്ന പെൺകുട്ടി തന്റെ പിതാവിൻ്റെ സാന്നിധ്യത്തിൽ എൻറോൾ ചെയ്യട്ടെ. എന്നാൽ ഈ വിധി ഒരു കീഴ്‌വഴക്കമായി കണക്കാക്കരുത്. ഇത് സവിശേഷമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അനുവദിക്കുന്നതെന്നും കോടതി.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവ്യവസ്ഥയിലുമാണ് പിതാവിന് പരോൾ അനുവദിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ