കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
ചുഴലിക്കാറ്റായി 'മോൻ ത' - ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം ഇന്ന് രാവിലെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.
അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപംകൊണ്ട 'മോൻ ത' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. ഒക്ടോബർ 28-ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന 'മോൻ ത', നാളെ വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഒഡീഷയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കി. കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ