കേരളത്തില്‍ ഇന്ന് തുലാവര്‍ഷം എത്തിയേക്കും; മഴ ശക്തമാകും, രണ്ടിടത്ത് ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും


കേരളത്തില്‍ ഇന്ന് തുലാവർഷം എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (17/10/2025) എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേർട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ചവരെ (19/10/2025) സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുകയാണ്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. തുലാവർഷം എത്തുന്നതോടെ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. ഇടിമിന്നലില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (17/10/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ 0.8 മുതല്‍ 1.1 മീറ്റർ വരെയും നാളെ (17/10/2025) രാത്രി 8.30 വരെ കന്യാകുമാരി (നീരോടി മുതല്‍ ആരോക്യപുരം വരെ) ജില്ലയിലെ തീരങ്ങളില്‍ 1.1 മുതല്‍ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ചവരെ (19/10/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരങ്ങളില്‍ നാളെ മുതല്‍ ഞായറാഴ്ചവരെ (19/10/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.