ബംഗാള്‍ ഉള്‍ക്കടല്‍ തീവ്രന്യൂനമര്‍ദം 'മോൻത' ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും; നാളെ മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്


ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച്‌ വൈകുന്നേരത്തോടെ 'മോൻത' ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.തുടർന്ന് തീവ്ര ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കാക്കിനടക്കു സമീപം മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റർ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ആന്ധ്രാ പ്രദേശ്, യാനം, തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ ആദ്യഘട്ട മുന്നറിയിപ്പായ യെല്ലോ മെസ്സേജ് നല്‍കിയിട്ടുണ്ട്.

'മോൻത' ശക്തി പ്രാപിച്ച്‌ കരയിലേക്ക് അടിക്കുന്നതിനു അനുസരിച്ചു കേരളത്തിലും മഴയില്‍ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ അറബിക്കടല്‍ ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമർദങ്ങള്‍ രണ്ട് ദിശയിലേക്കായി കാറ്റിനെയും ഈർപ്പത്തെയും വലിച്ചു കൊണ്ട് പോകുന്നത്തിനാലാണ് കേരളത്തില്‍ മഴയില്‍ കുറവ് അനുഭവപ്പെടുന്നത്. അറബിക്കടലിലും തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🟧ഓറഞ്ച് അലേർട്ട്

27/10/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്

🟨യെല്ലോ അലേർട്ട്

26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (26/10/2025) മുതല്‍ 28/10/2025 വരെയും; കർണാടക തീരത്ത് ഇന്ന് (26/10/2025) മുതല്‍ 30/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/10/2025 മുതല്‍ 28/10/2025 വരെ: കേരള, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26/10/2025 മുതല്‍ 28/10/2025 വരെ & 30/10/2025: കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.