കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണമില്ല; ടിവികെയ്ക്കും തമിഴ്‌നാട് സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയുടേത് ഉൾപ്പെടെ രണ്ട് ഹർജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി രാഷ്ട്രീയ താൽപ്പര്യം വെച്ചുള്ളതാണെന്നും, ഹർജിക്കാർക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എം ദണ്ഡപാണി, എം ജോതിരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

റാലിയിൽ ആൾക്കൂട്ടം നിയന്ത്രിക്കാതിരുന്നതിന് വിജയയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയെ വിമർശിച്ചു.ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത്എന്തുകൊണ്ടാണ്?.
അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?.

പ്രവർത്തകർക്ക് വെള്ളവും ശുചിമുറികളും, പാർക്കിങ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാർട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തത്തിൽ തമിഴ്‌നാട് സർക്കാറിനെയും കോടതി വിമർശിച്ചു.

ഏതു പാർട്ടിക്കാരാണെങ്കിലും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലേയെന്ന് കോടതി ചോദിച്ചു.

കരൂർ റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. റാലിക്ക് അനുമതി നൽകിയത് സംസ്ഥാന ഹൈവേ വകുപ്പാണോ അതോ നാഷണൽ ഹൈവേ അതോറിറ്റിയാണോയെന്നും കോടതി ആരാഞ്ഞു. പൊതുജനങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ ആരും നിർബന്ധിച്ചിട്ടില്ല. എന്നാൽ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സംസ്ഥാനത്തിൻ്റെ സുരക്ഷാ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കണം. പൊതുജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കടമയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിൽ പാതയോരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന്, പൊതു മാർഗനിർദേശം രൂപീകരിക്കുന്നതുവരെ, ഒരു രാഷ്ട്രീയ പാർട്ടിക്കും അത്തരം പരിപാടികൾ നടത്താൻ അനുമതി നൽകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സർക്കാരിന്റെ നിർദേശം കോടതി രേഖപ്പെടുത്തിക്കൊണ്ട് തീർപ്പാക്കി. ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിൽ പരിക്കേറ്റയാൾ നൽകിയ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.