കുതിപ്പ് തുടർന്ന് സ്വര്‍ണവില, പവന് 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ


സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്.