വീടിനടുത്ത് മദ്യം വച്ചിട്ടുണ്ട്'എടുത്ത് കുടിച്ചോളാൻ സുഹൃത്ത്; എന്നാൽ എടുത്തു കുടിച്ചത് കളനാശിനി! 50കാരൻ ഐസിയുവില്‍


മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ തീവ്രപരിചരണ വിഭാഗത്തില്‍. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം.

സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയില്‍ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്.

മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാള്‍ കഴിക്കാനായി പോയത്. ഈ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. വീടിനു സമീപം നോക്കിയപ്പോള്‍ അവിടെയൊരു കുപ്പിയുണ്ടായിരുന്നു. രാത്രിയായതിനാല്‍ മദ്യമാണോയെന്നു ഉറപ്പിക്കാനുമായില്ല.

കുടിച്ചു കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ചികിത്സ ഫലിക്കാതെ വന്നതോടെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്.