സ്വർണ്ണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് 1,360 കുറഞ്ഞു, ഇന്നത്തെ വിലയറിയാം...

സംസ്ഥാനത്ത് റെക്കോഡ് വിലയില്‍ നിന്ന് കുത്തനെ താഴേക്കിറങ്ങി സ്വര്‍ണം. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.ഇതോടെ ഗ്രാം വില 11,210 രൂപയും പവന്‍ വില 89,680 രൂപയുമായി.തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനാണ് ഇന്ന് വിരാമമിട്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമായിരുന്നു. ഇന്നലെ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമെന്ന സര്‍വകാല റെക്കോഡിലായിരുന്നു.

അതേസമയം, സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവിൽ വ്യാപാരികളും സ്വർണപ്രേമികളും വലിയ പ്രതീക്ഷ വയ്ക്കുന്നില്ലെന്നാണ് സൂചന.

രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ ദീപാവലിക്ക് മുമ്പ് പവൻ വില കേരളത്തിൽ ഒരു ലക്ഷം രൂപയിലെത്തിയേക്കും. പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണ് സ്വർണം. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവ ഒഴിവാക്കി സ്വർണ ശേഖരം ഉയർത്തുകയാണ്. നടപ്പു വർഷം സ്വർണ വിലയിൽ ഇതുവരെ 51 ശതമാനം വർദ്ധനയുണ്ട്.