ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയ്ക്ക് പുതുജീവൻ; ഡി.പി.ആറിന് ടെൻഡർ ക്ഷണിച്ചു.


കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയുടെ നിർമ്മാണ നടപടികൾക്ക് വേഗത കൂടുന്നു. മലാപ്പറമ്പ്-മുത്തങ്ങ നാലുവരിപ്പാതയുടെ ഭാഗമായി വരുന്ന ഈ ബദൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു.

നേരത്തെ രണ്ടുവരിപ്പാതയായി നവീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് നാലുവരിപ്പാതയായി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ടു-വേ സംവിധാനത്തോടെയായിരിക്കും പാതയുടെ നിർമ്മാണമെന്ന് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചു. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പ്രത്യേക ഇടപെടലാണ് പദ്ധതിക്ക് വേഗത നൽകിയത്.

2024 സെപ്റ്റംബറിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തിയിരുന്നു. കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ചിപ്പിലിത്തോട് ബൈപ്പാസിനൊപ്പം കൊടുവള്ളി, താമരശ്ശേരി, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിലും ബൈപ്പാസുകൾ നിർമ്മിക്കും. ഇത് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം ചുരം പാതയുടെ സംരക്ഷണത്തിനും സഹായിക്കും.