വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്‌ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
വഖഫ് വിഷയവുമായി ബന്ധപ്പെട്ട് "വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക" എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പ്രതിഷേധം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബില്‍ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികള്‍ക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്ച നമസ്കാര വേളയില്‍ മസ്ജിദുകളിലെ ഖത്തീബുകള്‍ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദില്‍ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
സ്വമേധയാ ബന്ദില്‍ പങ്കെടുക്കാൻ വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും ബോർഡ് അഭ്യർത്ഥിച്ചു. പ്രതിഷേധം സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കും. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പോലുള്ള അവശ്യ സേവനങ്ങള്‍ പ്രവർത്തനക്ഷമമായി തുടരണമെന്നും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
കേരളത്തെ ബാധിക്കുമോ?
കേരളത്തില്‍ ഇതുവരെ ഏതെങ്കിലും സാമുദായിക സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ബന്ദ് വലിയ തോതില്‍ ബാധിച്ചേക്കില്ല. അതേസമയം യുപി, ബിഹാർ എന്നിവിടങ്ങളില്‍ ബന്ദ് ബാധിക്കാനാണ് സാധ്യത.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ