സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായത്. ഇതിന് പുറമേ പസഫിക് ചുഴലിക്കാറ്റുകളും മഴയെ സ്വാധീനിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്നും നാളെയും തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍
27/09/2025: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇരട്ട ചക്രവാതച്ചുഴി
തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് ചരിഞ്ഞു കൊണ്ട്, വടക്കുപടിഞ്ഞാറും അതിനോട് ചേര്‍ന്നുള്ള -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപമുള്ള തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടര്‍ന്ന് ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും സെപ്റ്റംബര്‍ ഇരുപത്തിയാറോടെ തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് സമീപമുള്ള വടക്കു പടിഞ്ഞാറും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ ഇരുപത്തിയേഴോടെ ഇത് തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ