കൽപറ്റ ഗവ. കോളജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്.


കൽപറ്റ: എൻഎംഎസ്എം ഗവ. കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്. സ്റ്റേറ്റ് ലവൽ ക്വാളിറ്റി അഷുറൻസ് സെൽ, കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ഐക്യുഎസി കോർഡിനേറ്റർ ഡോ. ബൈജു കെ ബിയും ഐക്യുഎസി അംഗം അനീഷ് എം ദാസും അവാർഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ നിലവാരത്തിലും സ്ഥാപനപരമായ മികവിലും കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കോളജ് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. കഴിഞ്ഞ നാക്ക് മൂന്നാം സൈക്കിൾ അക്രഡിറ്റേഷനിൽ എ ഗ്രേഡും കോളജ് കരസ്ഥമാക്കിയിരുന്നു. കേരളത്തിലെ എയ്ഡഡ്, അൺ എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക സര്‍ക്കാര്‍ കോളജ് ആണ് കൽപറ്റ ഗവ. കോളജ്.