സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമെ അടുത്ത മൂന്ന് ദിവസം ഇടിമിന്നല്‍ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടു. വ്യാഴാഴ്ചയോടെ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ-ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ നാളെ പകല്‍ 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും വെള്ളിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ