700ലധികം ഉൽപ്പന്നങ്ങളുടെ വില കുറച്ച് ‘അമുൽ’; വില നിലവാരത്തിലെ മാറ്റം ജി.എസ്.ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ, പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ.

 ബട്ടർ മുതൽ ഐസ്‌ക്രീം വരെയുള്ള 700ൽ പരം ഉൽപ്പന്നങ്ങളുടെ വില കുറച്ച് അമുൽ. ജി.എസ്.ടി നിരക്കുകൾ അടുത്തിടെ കുറച്ചതിന് പിന്നാലെയായിരുന്നു അമുൽ ഉൽപ്പന്നങ്ങളുടെ വില കുറച്ചത്.

 പുതിയ വില സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരം. ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് തുടങ്ങി 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വിലയിലാണ് മാറ്റം വന്നിട്ടുള്ളത്.

പുതുക്കിയ വില പ്രാബല്യത്തിൽ വരുമ്പോൾ നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും. 100 ഗ്രാം അമുൽ ബട്ടറിന്റെ നിലവിലെ വില 62 രൂപയാണ് ഇത് 58 രൂപയാക്കി കുറച്ചിട്ടുണ്ട്. ഒരു ലിറ്റർ നെയ്യ് വില 650 രൂപയിൽ നിന്നും 40 രൂപ കുറച്ച് 610 രൂപയാക്കി. 5 ലിറ്റർ നെയ്യുടെ ടിന്നിന് 200 രൂപ കുറഞ്ഞ് 3,075 രൂപയായി.അതേസമയം, അടുത്തിടെ ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 22ന് ശേഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ പറഞ്ഞു. 

കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം വ്യ്കതമാക്കും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. നികുതിദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. നിരക്ക് കുറവിന്‍റെ നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറുമന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യ റിസ്ക് എടുക്കലാകും, ഇത് ആരും ചെയ്യരുത് എന്നാണ് അഭ്യർത്ഥനയെന്നും എസ് കെ റഹ്മാൻ വ്യക്തമാക്കി.