കരൂരിൽ മരിച്ചവരുടെ എണ്ണം 39ആയി;111പേർ ആശുപത്രിയിൽ,10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍, ജുഡീഷ്യല്‍ അന്വേഷണം


തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി.

17 പുരുഷന്മാരും 13 സ്ത്രീകളും ഒന്നര വയ സുള്ള കുഞ്ഞ് ഉൾപ്പടെ ഒൻപത് പേരുമാണ് മരിച്ചത്. പരിക്കേറ്റ 111പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരില്‍ ഒമ്ബത് പൊലീസുകാരുമുണ്ട്. സ്റ്റാലിൻ ഉടൻ ചെന്നെെയില്‍ നിന്ന് കരൂരിലേക്ക് പുറപ്പെടും. സംഭവത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അദ്ധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കും. ഇതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വിമാനത്തില്‍ വിജയ് ചെന്നെെയിലേക്ക് പുറപ്പെട്ടു.