കോഴിക്കോട് കാണാതായ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ..


കോഴിക്കോട്ട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപത്താണ് സംഭവം.പശുക്കടവ് കോങ്ങോട് മലയിൽ പശുവിനെ തേടി പോയപ്പോഴാണ് വീട്ടമ്മയെ കാണാതായത്.

ചൂളപറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബി(40) യെയും അവരുടെ വളർത്തു പശുവിനെയും ആണ് മരിച്ച നിലയിൽ കണ്ടത്.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരുക്കുകൾ ഇല്ല.പശുവിൻ്റെ ശരീരത്തിലും പരുക്കുകൾ ഇല്ല.

ബോബിയുടെ മൃതദേഹംകുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.

ഇവരുടെ വീട്ടിൽനിന്ന് വനാതിർത്തിയിലേക്ക് 50 മീറ്റർ ദൂരംമാത്രമേയുള്ളൂ. ഇവരെ കണ്ടെത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു.

ബോബി വീട്ടിൽ ചില നാൽക്കാലികളെ വളർത്തുന്നുണ്ട്. പശുവിനെ മേയ്ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. ഇവരുടെ മക്കൾ വൈകീട്ട് നാലരയ്ക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാർ ഉൾപ്പെടെ പലരും പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വനംവകുപ്പിലും പോലീസിലും വിവരമറിയിച്ചതോടെ അവർ എത്തി രാത്രിവൈകിയും തിരച്ചിൽ തുടർന്നിരുന്നു.