കൊട്ടാരക്കരയിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. വിജയൻ എന്നൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
പനവേലി ഭാഗത്ത് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും വാഹനം ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയൻ നിന്നിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സോണിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ വെച്ചാണ് ശ്രീക്കുട്ടി മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
എന്നാൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്‌സാണ് മരിച്ച സോണിയ. അപകടത്തിൽ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ