ബലാത്സംഗക്കേസിന് പിന്നാലെ വേടൻ ഒളിവില്‍; പോലീസിന്റെ വ്യാപക തിരച്ചില്‍, അറസ്റ്റിന് നീക്കം


ബലാത്സംഗക്കേസില്‍ പ്രതിചേർക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പർ വേടനായി തിരച്ചില്‍ ആരംഭിച്ച്‌ പോലീസ്.

കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടൻ ഒളിവില്‍ പോയെന്നാണ് വിവരം.

വേടനുവേണ്ടി വ്യാപകതിരച്ചിലിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്നങ്ങളില്ല.

കേസില്‍ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാൻ മാറ്റി.

ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോള്‍ അവിടത്തെ താമസസ്ഥലത്തുവെച്ച്‌ 2021 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാർച്ച്‌ വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.