നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ നടൻ വിജയ്ക്കെതിരെ കേസ്. ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയക്ക് പുറമെ ബൗൺസർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂർ സ്വദേശിയായ ശരത് കുമാർ നൽകിയ പരാതിയിലാണ് നടപടി.
വിജയ്ക്കും 10 ബൗൺസർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്‌കുമാർ ഇന്നലെ പേരാമ്പലൂർ എസ്‌പിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയിൽ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗൺസർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാർ റാംപിലേക്ക് കയറാൻ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗൺസർമാർ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. ഡിഎംകെയുടെ സൈബർ വിഭാഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വലിയ വിമർശനം ഉന്നയിക്കുകയും ചെയ്‌തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരിക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ