ചുമന്ന് തളരേണ്ട; കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കരണവുമായി മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സംബന്ധിച്ച് മന്ത്രി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ബാഗിന്റെ അമിത ഭാരം സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഇതെല്ലാം പരിഹരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 


സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

കലോത്സവം, കായികമേള ശാസ്ത്രമേള എന്നിങ്ങനെ സ്‌കൂളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കുരുന്നുകള്‍ക്ക് ഇനി കളര്‍ കുപ്പായങ്ങള്‍ ഇടാമെന്ന സുപ്രധാന തീരുമാനവും മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്‌കൂള്‍ ചട്ടങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുകയാണ് മന്ത്രി. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആയിരുന്നു ഇതിന്റെ പ്രഖ്യാപനം. കുരുന്നുകള്‍ വര്‍ണ്ണപ്പൂമ്പാറ്റകള്‍ ആയി പറന്നു നടക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.