സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ.


സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയതോടെയാണ് ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടന്നത്. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് മിന്നല്‍ പരിശോധന നടന്നത്. പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചതോടെയാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്.

കൊല്ലം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. 9337 ലിറ്ററാണ് കൊല്ലത്ത് നിന്ന് മാത്രം പിടിച്ചെടുത്തത്. ആലപ്പുഴയില്‍ നിന്ന് 6530 ലിറ്റര്‍ വെളിച്ചെണ്ണയും പിടിച്ചെടുത്തു.