ഗൂഡല്ലൂർ പാടന്തറയിൽ ഓട്ടോക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഡ്രൈവർക്ക് പരുക്ക്


തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ പാടന്തറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. മദ്റസ വിദ്യാർഥികളെ വീട്ടിലേക്ക് കൊണ്ടുവിട്ട് മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. കാട്ടാനയെ നാട്ടുകാർ സമീപത്തെ തേയില തോട്ടത്തിലേക്ക് തുരത്തി. പ്രദേശത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ സംഗമം നടത്തും. വയനാടിന്റെ അതിർത്തി പ്രദേശമായ പാടന്തറ നീലഗിരി ജില്ലയിലാണ്.

അതിനിടെ, പാലക്കാട് നാശം വിതച്ച് ചുരുളിക്കൊമ്പൻ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത്. ചുരുളിക്കൊമ്പൻ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ട്ങ്ങൾ ഉണ്ടാക്കി. കണ്ണിന്റെ കാഴ്ച‌ നഷ്‌ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ഉടൻ ചികിത്സ ആരംഭിക്കും. കണ്ണിന് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.

പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയിൽ എത്തിയ ചുരുളിക്കൊമ്പൻ തെങ്ങുൾപ്പെടയുള്ള വിളകൾ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആർ ആർ ടി സംഘവും ചേർന്നാണ് കാടുകയറ്റിയത്.