നിരക്ക് വർധന അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ; സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്


വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയ്ക്കുള്ള ചർച്ച പരാജയപ്പെട്ടതോടെ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. ഓണത്തിന് മുൻപ് സമരം നടത്താൻ ആലോചന. കൺസഷൻ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് വിദ്യാർഥി സംഘടനകൾ നിലപാടെടുത്തതോടെയാണ് ഗതാഗതസെക്രട്ടറി വിളിച്ച ചർച്ച പരാജയപ്പെട്ടത്

22 ന് തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം സ്വകാര്യ ബസുകാർ പിൻവലിച്ചത് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധന ചർച്ച ചെയ്ത്‌ തീരുമാനിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലായിരുന്നു. അതിനാണ് ഗതാഗതസെക്രട്ടറി പി.ബി.നൂഹും ഗതാഗതകമ്മീഷണർ സി.എച്ച്.നാഗരാജും വിദ്യാർഥി സംഘടനകളും ബസ് ഉടമകളുമായി ചർച്ച നടത്തിയത്. നിലവിലെ നിരക്കായ 1 രൂപ മുതൽ 8 വരെയുള്ളത് 2 രൂപ മുതൽ 10 വരെയായി വർധിപ്പിക്കാമെന്ന നിർദേശമാണ് ഗതാഗതസെക്രട്ടറി ചർച്ചയിലെടുത്തത്. വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി എതിർത്തു.

എന്നാൽ വർധന ചർച്ച ചെയ്യാമെന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിച്ചതെന്ന് കെ.എസ്.യുവും എ.ബി.വി.പിയും ആരോപിച്ചു. ചർച്ച പൊളിഞ്ഞതോടെ ബസ് ഉടമകളുടെ സമരപ്രഖ്യാപനം. വിദ്യാർഥികളുടെ നിരക്ക് മിനിമം അഞ്ച് രൂപയും അഞ്ച് കിലോമീറ്ററിന് ശേഷം യഥാർത്ഥ നിരക്കിന്റെ പകുതിയുമാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.