സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗരറ്റിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലെ സമോസയ്ക്കും ജിലേബിക്കും മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശം.


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം. ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മപരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ ആളുകള്‍ അര്‍ഹരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2050 ആകുമ്ബോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേര്‍ അമിതഭാരമുള്ളവരാകുമെന്നാണ് കണക്കുകള്‍. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു. പഞ്ചസാരയും ട്രാന്‍സ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗുലാബ് ജാമുനില്‍ അഞ്ച് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചാല്‍ എന്താണ് കഴിക്കുന്നതെന്ന് ജനങ്ങള്‍ രണ്ട് വട്ടം ആലോചിക്കുമെന്ന് മുതിര്‍ന്ന പ്രമേഹ വിദഗ്ധന്‍ സുനില്‍ ഗുപ്ത പറയുന്നു.