ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത.
സംഭവത്തില്‍ റിതിക ദേരെ(19) അല്‍ത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാത്രി-സേലു റോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പൂണെയില്‍ ജോലിചെയ്യുന്ന റിതികയും അല്‍ത്താഫും പർബാനിയിലേക്കുള്ള സ്ലീപ്പർ കോച്ച് ബസിലാണ് യാത്രചെയ്തിരുന്നത്. ഗർഭിണിയായിരുന്ന യുവതിക്ക് യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുകയും ബസില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടർന്ന് ഇരുവരും ഒരു തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ബസിന്റെ ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ബസില്‍നിന്ന് എന്തോ പുറത്തേക്കെറിയുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അല്‍ത്താഫിനോട് ചോദിച്ചപ്പോള്‍ ഭാര്യ ഛർദിച്ചതാണെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. എന്നാല്‍, ബസില്‍നിന്ന് എന്തോ വീണത് കണ്ടെത്തിയ നാട്ടുകാരനാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ നവജാതശിശുവിനെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം ബസ് പിന്തുടർന്ന് യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തങ്ങള്‍ വിവാഹിതരാണെന്നാണ് റിതികയും അല്‍ത്താഫും പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ തെളിവ് നല്‍കാനോ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പർബാനി സ്വദേശികളായ ഇരുവരും ഒന്നരവർഷമായി പൂണെയിലാണ് താമസം. കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലാണ് പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നും ഇവർ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേർക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ