ജുലൈ ഒന്ന് മുതല്‍ സാമ്ബത്തിക-ബിസിനസ് രംഗത്ത് വരുന്നത് ഒരുപിടി മാറ്റങ്ങള്‍. യു.പി.ഐ ഇടപാട് മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനെ ബാധിക്കുന്ന വിവിധ മാറ്റങ്ങള്‍ പരിശോധിക്കാം.
പാന്‍ കാര്‍ഡിന് ആധാര്‍ വേണം
ജൂലൈ ഒന്ന് മുതല്‍ പുതിയ പാന്‍ കാര്‍ഡിനുള്ള അപേക്ഷക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. നിലവില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ ആധാര്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകൂ.
തത്കാല്‍ ടിക്കറ്റിലും മാറ്റം
ഇക്കൊല്ലത്തെ ജൂലൈ മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ വലിയ മാറ്റമാണ് വരുന്നത്. ഐ.ആര്.സി.ടി.സി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധം. ജൂലൈ 15 മുതല്‍ തത്കാല്‍ ടിക്കറ്റിന് ഒ.ടി.പിയും നിര്‍ബന്ധമാക്കി. കൗണ്ടറുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റിനും ഒ.ടി.പി ബാധകം. തത്കാല്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യ അരമണിക്കൂറിന് ശേഷമേ ഏജന്റുമാര്‍ക്ക് ബുക്കിംഗിന് അവസരം ലഭിക്കൂ. എ.സി ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ക്ക് 10 മുതല്‍ 10.30 വരെയും നോണ്‍ എ.സി വിഭാഗത്തില്‍ 11 മുതല്‍ 11.30 വരെയുമാണ് ഏജന്റുമാരെ വിലക്കിയത്. പെട്ടെന്ന് തീരുമാനിച്ച യാത്രകള്‍ക്ക് ഉപകാരപ്പെടാന്‍ കൊണ്ടുവന്ന തത്കാല്‍ സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജി.എസ്.ടി റിട്ടേണ്‍
പ്രതിമാസ ജി.എസ്.ടി അടക്കേണ്ട ജി.എസ്.ടി.ആര് 3ബി ഫോം ജൂലൈ മുതല്‍ എഡിറ്റ് ചെയ്യാനാകില്ല. കൂടാതെ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിയില്‍ നിന്ന് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നികുതിദായകന് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ജി.എസ്.ടി നെറ്റ്വര്‍ക്ക് അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡിലും മാറ്റം
ക്രെഡിറ്റ് കാര്‍ഡ് ഫീസ്, റിവാര്‍ഡ് പ്രോഗ്രാമുകളിലെ മാറ്റങ്ങള്‍ എന്നിവ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചു. 10,000 രൂപയില്‍ കൂടുതലുള്ള പ്രതിമാസം ചെലവ്, 50,000 രൂപക്ക് മുകളിലുള്ള യൂട്ടിലിറ്റ് ബില്‍ പേയ്മെന്റ്, 10,000 രൂപക്ക് മുകളിലുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടപാട്, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റ് എന്നിവക്ക് ഒരു ശതമാനം ഫീസ് ഈടാക്കും. 4,999 രൂപ വരെയാണ് ഇങ്ങനെ ഈടാക്കാനാകുന്നത്. കൂടാതെ സ്കില്‍ ബേസ്ഡ് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടപാടുകള്‍ക്ക് ഇനി മുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല.
ജൂലൈ 10 മുതല്‍ മിന്ത്ര (Myntra) കൊടക് ക്രെഡിറ്റ് കാര്‍ഡുകള്‍ പിന്‍വലിക്കുമെന്ന് കൊടക് മഹീന്ദ്ര ബാങ്ക്. നിലവില്‍ ഈ കാര്‍ഡുള്ള എല്ലാ ഉപയോക്താക്കള്‍ക്കും കൊടക് ലീഗ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.
എസ്.ബി.ഐ കാര്‍ഡില്‍ എയര്‍ ഇന്‍ഷുറന്‍സ് ഇല്ല
ഒരു കോടി രൂപ വരെ കവറേജ് ലഭിക്കുമായിരുന്ന സൗജന്യ എയര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് റദ്ദാക്കി എസ്.ബി.ഐ കാര്‍ഡ്. തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം കാര്‍ഡുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ സേവനം ജൂലൈ 15 മുതല്‍ ഉണ്ടാകില്ല. എസ്.ബി.ഐ കാര്‍ഡ് എലൈറ്റ്, മൈല്‍സ് എലൈറ്റ്, മൈല്‍സ് പ്രൈം തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് മാറ്റം. കൂടാതെ എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡിന്റെ മിനിമം ഡ്യൂ പേയ്മെന്റ്, പേയ്മെന്റ് സെറ്റില്‍മെന്റ് ഓര്‍ഡര്‍, എന്നിവ കണക്കാക്കുന്നതിലും ചില മാറ്റങ്ങള്‍ കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.
എ.ടി.എം ഇടപാടുകള്‍ക്കും മാറ്റം
എ.ടി.എം ചാര്‍ജ്, ഐ.എം.പി.എസ് ഫീസ്, കാഷ് ട്രാന്സാക്ഷന് ലിമിറ്റ് എന്നിവയില്‍ മാറ്റം നടപ്പിലാക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക്. നിശ്ചിത തവണത്തെ സൗജന്യ ഉപയോഗത്തിന് ശേഷമുള്ള എ.ടി.എം ഇടപാടുകള്‍ക്കും പണമിടപാടുകള്‍ക്കും ഇനി മുതല്‍ അധിക ഫീസ് നല്‍കേണ്ടി വരും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ