മലയാളി യുവാവ് കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വിവരം


കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുല്‍മാർഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്.

ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.

ഗുല്‍ഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പൊലീസ് കണ്ടെത്തി. പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ പൊലീസ് ബന്ധപ്പെട്ടു. തുടർന്ന് വാർഡ് മെമ്ബർ ബന്ധുക്കള്‍ തുടങ്ങിയവർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കും.

ബെംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. വനമേഖലയിലേക്ക് യുവാവ് എങ്ങനെ എത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അബ്ദുല്‍ സമദ്-ഹസീന ദമ്ബതികളുടെ മകനാണ് മുഹമ്മദ് ഷാനിബ്.