യുദ്ധത്തെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കി മോക്ഡ്രില്‍; സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറണുകൾ മുഴങ്ങി.



ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമുള്ള, രാജ്യത്ത് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യവ്യാപകമായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ പൂർത്തിയായി. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം നാല് മണിക്കാണ് മോക്ക്ഡ്രിൽ തുടങ്ങിയത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓ ഫീസിൽ സൈറൺ സജ്ജമാക്കിയിരുന്നു. സംസ്ഥാനത്ത് 126 ഇടങ്ങളിലാണ് മോക്ക് ഡ്രിൽ. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങി.

കൊച്ചിയില്‍ കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബിസിജി ടവ‍ർ എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് മോക്ഡ്രില്‍ നടന്നത്. അതേസമയം കോഴിക്കോട് മോക്ഡ്രില്ലുമായി ബന്ധപ്പെട്ടുണ്ടായ സൈറണില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. 

എന്നാല്‍ 4.28ഓടെ കോഴിക്കോട് സൈറണ്‍ മുഴങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ കൃത്യമായ നിര്‍ദേശവും നല്‍കി. യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഇടപെടണമെന്ന് അറിയിക്കുന്നതാണ് മോക് ഡ്രില്‍. അതേസമയം മോക്ഡ്രില്ലിൻ്റെ ഭാഗമായി ദക്ഷിണ നാവിക കമാൻഡിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതീവ ജാഗ്രതയിലാണ്.