താമരശ്ശേരി ചുരത്തിലെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ കാല്‍തെറ്റി മുപ്പതടിയോളം താഴ്ചയിലേക്കു പതിച്ച രണ്ടു യുവാക്കളെ രക്ഷപ്പെടുത്തി.
കമ്പളക്കാട് സ്വദേശികളായ കുതിരക്കുണ്ട് കെ. നിതിന്‍ (34), ദേവപ്രഭയില്‍ ശരത് ദാസ് (34) എന്നിവരാണ് അപകടത്തില്‍പെട്ടത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെത്തിച്ച് വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സപ്ലിമെന്ററി പരീക്ഷയെഴുതി കാറില്‍ വയനാട്ടിലേക്കു മടങ്ങുകയായിരുന്ന സംഘത്തില്‍ ഉള്‍പ്പെട്ട യുവാക്കളാണിവര്‍. മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ കാല്തെറ്റിവീണ നിധിനെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് ശരത്തും കൊക്കയിലേക്കു വീണത്.
വിവരമറിഞ്ഞ് കല്പറ്റ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി.കെ. ബഷീറിന്റെ നിര്‍ദേശപ്രകാരം എസ്എഫ്ആര്‍ഒ കെ.എം. ഷിബു, എ.വി. വിനോദ്, എഫ്ആര്‍ഒമാരായ ബി. ഷറഫുദ്ദീന്, ടി.പി. സെയ്നുദ്ദീന്‍, കെ.ആര്. ദീപു, ജിതിന്, കെ. ബിജു, അനീഷ് എന്നിവരുള്‍പ്പെട്ട അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഫെബ്രുവരി 23-ന് വിനോദയാത്രാസംഘത്തില്പ്പെട്ട വടകര സ്വദേശി അമല്‍ജിത്ത് (24) മിനി വ്യൂ പോയിന്റില്‍വെച്ച് കൊക്കയിലേക്ക് കാല്‍തെന്നിവീണ് മരിച്ചിരുന്നു. ഏപ്രില്‍ 23-ന് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസി(32)ന് കൊക്കയില്‍ വീണ് പരിക്കേറ്റിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ