പൂരങ്ങളുടെ പൂരം ത്രിശൂർ പൂരം ഇന്ന്, കുടമാറ്റം വൈകിട്ട്.


താള, മേള, വാദ്യ, വർണ, വിസ്മയങ്ങളുടെ പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം.

വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.

പൂരം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. സ്വരാജ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.