ഓപ്പറേഷൻ സിന്ദൂർ വിജയകരം; ദൗത്യം തുടരുന്നതായും വ്യോമസേന.



പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിക്കാനായെന്ന് വ്യോമസേന. ദൗത്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് വ്യോമസേനയുടെ പ്രതികരണം. 'ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനക്ക് ഏൽപ്പിച്ച ദൗത്യങ്ങൾ കൃത്യതയോടെയും പ്രൊഫഷനലിസത്തോടെയും വിജയകരമായി നിർവഹിക്കാനായി. ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകൾ നടത്തിയത്. 

ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ വിവരങ്ങൾ വൈകാതെ ലഭ്യമാക്കും. അഭ്യൂഹങ്ങളിൽനിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്നും ഏവരും വിട്ടുനിൽക്കണമെന്ന് ഐ.എ.എഫ് അഭ്യർഥിക്കുന്നു' -വ്യോമസേന എക്സിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദമായി വാർത്തസമ്മേളനത്തിൽ പറയുമെന്നും സേന അറിയിച്ചു. വാർത്തസമ്മേളനം ഉടൻ നടക്കുമെന്നാണ് വിവരം. രാത്രിയിലെ വെടിവെപ്പിനുശേഷം അതിർത്തികൾ ശാന്തമാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം നടക്കുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ എന്നിവരെ കൂടാതെ മൂന്ന് സേനാ മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.