കോഴിക്കോട്ട് കനത്ത കാറ്റ്; റെയില്‍വേട്രാക്കിലേക്ക് മരങ്ങള്‍ വീണു, ലൈൻ പൊട്ടി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു.



കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു.

കല്ലായി-ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം. 

മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 

തിരുനെല്‍വേലി-ജാംനഗർ എക്സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷന് മുൻപായി നിർത്തിയിട്ടിരിക്കുകയാണ്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട്ടും ഏറെനേരമായി പിടിച്ചിട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകർന്നിട്ടുണ്ട്.