അതിശക്തമായ കാറ്റും മഴയും; ബീച്ചിന് സമീപത്തെ പെട്ടിക്കട ദേഹത്തുവീണ് 18കാരിക്ക് ദാരുണാന്ത്യം.



ശക്തമായ കാറ്റും മഴയെയും തുടർന്ന് പെട്ടിക്കട ദേഹത്തേയ്ക്ക് മറിഞ്ഞുവീണ് 18കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിന് സമീപത്താണ് അപകടമുണ്ടായത്. തിരുമല വാർഡ് രതീഭവനിൽ ജോഷി-ദീപാജ്ഞലി ദമ്പതികളുടെ മകൾ നിത്യ ജോഷി ആണ് മരിച്ചത്.

അപകടത്തിൽ നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) ഗുരുതരമായി പരിക്കേറ്റു. ബീച്ചിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് പെട്ടിക്കടയ്ക്ക് പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും.

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ ആറുപേർ മഴക്കെടുതിയിൽ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. മീൻ പിടിക്കാനിറങ്ങിയ കോഴിക്കോട് കോടഞ്ചേരിയിൽ ബിജു ചന്ദ്രൻകുന്നേലിൻ്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവർ ഷോക്കേറ്റ് മരിച്ചു. വടകര കുനിത്താഴത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രൻ (64) മരിച്ചു.

കുണ്ടായിത്തോടിലെ ഓടയിൽ വീണാണ് തമിഴ്‌നാട് വിധുര നഗർ സ്വദേശി വിസ്നേശ് (45) മരിച്ചത്.

ഇടുക്കി പാമ്പാടുംപാറയിൽ മരച്ചില്ല വീണ്
അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിനി മാലതിയാണ് (21) മരിച്ചത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് കാണാതായ അഴീക്കോട് ബീച്ച് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിന്റെ (52) മൃതദേഹം കണ്ടെത്തി.